തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ജയിലില്‍ തടവിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. മരണത്തില്‍ ദുരൂഹതയെന്ന് ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത്. പനങ്ങോട് വെങ്ങാനൂർ സ്വദേശി രാജഗോപാൽ (43) ആണ് മരിച്ചത്. ഈ മാസം 15നാണ് കുടുംബവഴക്കുമായി ബന്ധപ്പെട്ട് കോവളം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
തടവിൽ കഴിഞ്ഞ പ്രതി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ
ഈ മാസം 15നാണ് കുടുംബവഴക്കുമായി ബന്ധപ്പെട്ട് വെങ്ങാനൂർ സ്വദേശി രാജഗോപാലിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് നെയ്യാറ്റിൻകര ജയിലിൽ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇയാൾ.
ഇന്ന് വൈകുന്നേരം ജയിൽ അധികൃതർ രാജഗോപാലിന്‍റെ ബന്ധുക്കളോട് എത്രയും വേഗം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹമാണ് കണ്ടതെന്നും യാതൊരു തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും രാജഗോപാലിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആർഡിഒയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാൽ പ്രതിക്ക് പനിയായിരുന്നെന്നും തുടര്‍ന്ന് അസുഖം മൂര്‍ച്ഛിച്ചപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്.