തിരുവനന്തപുരം : കാത്തിരിപ്പിനൊടുവിൽ കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്‌പ്രസ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ചെന്നൈയിൽ നിന്ന് ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം കോഴിക്കോട് റൂട്ടിൽ പരീക്ഷണ സർവീസ് നടത്തും. ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക. ട്രെയിൻ ഓടിക്കാനുള്ള അവസാന ഘട്ട പ്രവർത്തനങ്ങളിലാണ് ദക്ഷിണ റെയിൽവേ.
ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് 16 കാറുകളുള്ള രണ്ട് റാക്കുകൾ ഇന്നെത്തും എന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും പരീക്ഷണ സർവീസ് നടത്തുക. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ് അടങ്ങുന്ന സംഘം പരിശോധനകൾ നടത്തുന്നതിനായി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ട്രെയിൻ സർവീസ് ഉണ്ടാവുക.
ട്രാക്ക് ക്ലിയറൻസ് കിട്ടുന്ന മുറയ്ക്കാകും ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. ചെന്നൈ വില്ലിവാക്കത്ത് നിന്നാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് എത്തുന്നത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണ് കേരളത്തിന് ലഭിക്കുന്നത്. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിനിന്‍റെ ബോഗികൾ നിർമിച്ചത്.
കേരളത്തിലെ പ്രത്യേകതകൾ ഇങ്ങനെ :ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് എക്‌സ്‌പ്രസ് എത്തുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആരംഭിക്കുന്ന ആദ്യ ഘട്ട സർവീസിന് പരമാവധി വേഗം 100 മുതൽ 110 വരെയാണ് എന്നാണ് കണക്കാക്കുന്നത്. യഥാർഥത്തിൽ അതിവേഗ ട്രെയിൻ ആയ വന്ദേഭാരതിന് അതിന്‍റെ പൂർണ വേഗം കേരളത്തിൽ എടുക്കാൻ സാധിക്കില്ല.