തിരുവനന്തപുരം :കേരള സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്തെത്തുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിയമസഭയിൽ സംഘടിപ്പിക്കുന്ന വനിതാസാമാജിക സമ്മേളനം (National Women Legislator's Conference) ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി നടത്തുന്ന സമ്മേളനത്തിന്‍റെ ഉദ്‌ഘാടനച്ചടങ്ങുകൾ വ്യാഴാഴ്‌ച (26.05.22) രാവിലെ 11.30നാണ് സംഘടിപ്പിച്ചിരിക്കുന്നത്.
രാഷ്‌ട്രപതി ഇന്ന് സംസ്ഥാനത്ത് : ഇന്ന് (25.05.22) രാത്രി 8.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രാഷ്‌ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവർ ചേർന്നാകും സ്വീകരിക്കുക. തുടർന്ന് വിശ്രമത്തിനായി രാജ്‌ഭവനിലേക്ക് പോകും. നാളത്തെ ചടങ്ങുകൾക്ക് ശേഷം രാജ്‌ഭവനിലേക്ക് മടങ്ങുന്ന അദ്ദേഹം വൈകുന്നേരം 5.20ഓടെ പൂനെയിലേക്ക് തിരിക്കും.
മെഗാസമ്മേളനം കേരളത്തിൽ :രാജ്യത്ത് തന്നെ ഇതാദ്യമായാണ് വനിത സാമാജികരുടെ വിപുലമായ സമ്മേളനം സംഘടിപ്പിക്കാൻ കേരള നിയമസഭ തീരുമാനിച്ചിരിക്കുന്നത്. പാർലമെന്‍റിലെയും വിവിധ സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളായ വനിതകളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 26, 27 തീയതികളിലായി നിയമസഭ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് സമ്മേളനം നടക്കുക.
READ MORE: രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും
ആദ്യമായാണ് വനിത നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനം ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നതെന്ന് സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു. സ്‌ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം, തീരുമാനങ്ങൾ എടുക്കുന്നതിൽ സ്‌ത്രീകളുടെ മതിയായ പ്രാതിനിധ്യം തുടങ്ങി കാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങൾ ദ്വിദിന സമ്മേളനം ചർച്ച ചെയ്യുമെന്ന് നിയമസഭ വൃത്തങ്ങൾ അറിയിച്ചു.
വനിതാസാമാജിക സമ്മേളനം ഇതാദ്യം :'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും' എന്ന സെഷനിൽ ഗുജറാത്ത് നിയമസഭ സ്‌പീക്കർ നിമാബെൻ ആചാര്യ, ലോക്‌സഭ എംപി കനിമൊഴി, മുൻ ലോക്‌സഭ സ്‌പീക്കർ മീര കുമാർ, മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് എന്നിവർ സംസാരിക്കും. 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വനിതകളുടെ പങ്ക്' ചർച്ച ചെയ്യുന്ന രണ്ടാം സെഷനിൽ എംപിമാരായ സുപ്രിയ സുലെ, ജെബി മേത്തർ, മുൻ എംപി സുഭാഷിണി അലി എന്നിവർ പാനലിസ്റ്റുകളാകും.
READ MORE:രാജ്യത്തെ വനിത സാമാജികരുടെ മെഗാ സമ്മേളനമൊരുക്കാൻ കേരള നിയമസഭ
രണ്ടാം ദിവസം നടക്കുന്ന 'വനിതകളുടെ അവകാശവും നിയമപരമായ പഴുതുകളും' എന്ന വിഷയത്തിൽ പശ്ചിമ ബംഗാൾ മന്ത്രി ശശി പഞ്ച, എംപി ജയ ബച്ചൻ, ഡൽഹി നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ രാഖി ബിർള, കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ സംസാരിക്കും.
'തീരുമാനമെടുക്കുന്ന സഭകളിൽ വനിതകളുടെ പ്രാതിനിധ്യക്കുറവ്' എന്ന വിഷയത്തിൽ ഉത്തരാഖണ്ഡ് നിയമസഭ സ്‌പീക്കർ റിതു ഖണ്ഡൂരി, തെലങ്കാന എംഎൽസി കവിത കൽവകുന്തല, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനി രാജ എന്നിവർ ചിന്തകൾ പങ്കുവയ്‌ക്കും. ലോക്‌സഭ സ്‌പീക്കർ ഓം ബിർളയാണ് മെയ് 27ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.