തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവേശനോത്സവം ജൂൺ ഒന്നിന്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഗവ.വി.എച്ച്.എസ്.എസ് മലയൻകീഴിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഇനി വിദ്യാലയങ്ങളിലേക്ക്:പ്രവേശനോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളെയും കൂട്ടിച്ചേർത്തു പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി മുരുകൻ കാട്ടാക്കട രചന നിർവഹിച്ച് വിജയ് കരുണിന്‍റെ സംഗീതത്തിൽ ഗായിക മഞ്ജരി പാടിയ പ്രവേശനോത്സവ ഗാനം മന്ത്രി വിദ്യാർഥികൾക്കൊപ്പം പ്രകാശനം ചെയ്‌തു. ആഭ്യന്തരവകുപ്പ്, ഗതാഗത വകുപ്പ്, വൈദ്യുതി വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജലവിഭവ വകുപ്പ്, പട്ടികജാതി പട്ടിക വികസന വകുപ്പ്, വനം വകുപ്പ് എന്നിവരെ ഒരുമിച്ച് നിർത്തിയാണ് പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി.
എല്ലാം ഒരുക്കി വിദ്യാഭ്യാസ വകുപ്പ്: സ്‌കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കുടുംബശ്രീ, ക്ലീന്‍ കേരള മിഷന്‍ എന്നീ ഘടകങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോർഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പൊതു സ്ഥലത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ പരിശോധിച്ച് സുരക്ഷാഭിത്തികള്‍ നിര്‍മിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.