തിരുവനന്തപുരം: ഇത് അദ്വൈത്. കുന്നുകുഴി സർക്കാർ യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പുതുവസ്‌ത്രങ്ങളും തൊപ്പിയും ധരിച്ച് പ്രവേശനോത്സവ ലഹരിയിലാണ് താരം. പക്ഷേ ഒരു സങ്കടം മാത്രം. ഒന്നിച്ച് പഠിക്കാനും കളിക്കാനും രണ്ടേ രണ്ട് കൂട്ടുകാർ മാത്രമേ ഇത്തവണ അദ്വൈതിനൊപ്പം സ്‌കൂളിൽ പ്രവേശനം നേടിയിട്ടുള്ളു.
അദ്വൈതിന് മാത്രമല്ല കുന്നുകുഴി സർക്കാർ യുപി സ്‌കൂളിലെ അധ്യാപകരുടെ ഉള്ളിലുമുണ്ട് ഈ സങ്കടം. ചെണ്ടമേളത്തിന്‍റെ ആരവങ്ങൾക്കൊപ്പം പാട്ടും ഡാൻസുമൊക്കെയായി തലസ്ഥാനത്തെ സ്‌കൂളുകൾ പ്രവേശനോത്സവം ആഘോഷമാക്കുകയാണ്. അതുപോലെ തങ്ങളുടെ സ്‌കൂൾ അങ്കണവും നിരവധി കുട്ടികളുടെ കളിചിരികളാൽ നിറയുന്ന ഒരു അധ്യയന വർഷത്തിനായുള്ള കാത്തിരിപ്പിലാണിവർ.
എന്നാൽ, സ്‌കൂളിലെ പ്രവേശനോത്സവത്തിന്‍റെ ഒരുക്കങ്ങളെ ഇതൊന്നും ബാധിച്ചിരുന്നില്ല. ബലൂണുകളും തോരണങ്ങളും ഒരുക്കി പുതിയ കുട്ടികളെ അധ്യാപകർ സ്‌കൂളിലേക്ക് വരവേറ്റു. പ്രവേശോത്സവത്തിന് എത്തിയ വിദ്യാർഥികൾക്ക് തിരുവനന്തപുരം ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പുസ്‌തകങ്ങളും ബാഗുകളും വിതരണം ചെയ്‌തു.
കുന്നുകുഴി സർക്കാർ യുപിഎസിലെ ഈ അധ്യയന വർഷം പ്രീ പ്രൈമറി, എൽപി, യുപി തലത്തിൽ ആകെ 26 കുട്ടികളാണുള്ളത്. പ്രീ പ്രൈമറിയിൽ ഒന്‍പതും ഒന്നാം ക്ലാസിൽ മൂന്ന്, രണ്ടാം ക്ലാസിൽ മൂന്ന്, മൂന്നാം ക്ലാസിൽ ഒന്ന്, നാലാം ക്ലാസിൽ നാല്, അഞ്ചാം ക്ലാസിൽ രണ്ട്, ആറാം ക്ലാസിൽ രണ്ട്, ഏഴാം ക്ലാസിൽ രണ്ട് വിദ്യാർഥികളുമാണുള്ളത്.
ഏകദേശം 100 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് സ്വാതന്ത്ര്യാനന്തരം ഇന്നത്തെ യുപി സ്‌കൂളായി ഉയർത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ വേണ്ടുവോളം ഉണ്ടെങ്കിലും സ്‌കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വർഷങ്ങളായി ഈ നില തുടരുകയാണ്. ഇതിനൊരു മാറ്റം വരണം. അതിനായുള്ള കാത്തിരിപ്പിലാണ് അധ്യാപകർ.