തിരുവനന്തപുരം: അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ കെഎസ്‌ആർടിസിയുടെ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റു. അധിക ചുമതലയായാണ് നിയമനം. വെഞ്ഞാറമ്മൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്‌പെക്‌ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ് ശങ്കർ. അതേസമയം പുതിയ നിയമനത്തിലൂടെ കെഎസ്‌ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് മാനേജ്‌മെന്‍റ് വാദം.
മൂന്ന് വർഷത്തേക്കോ കേന്ദ്ര സർവീസ് ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നത് വരേയോ പ്രമോജ് ശങ്കറിന് ജോയിന്‍റ് എംഡിയായി തുടരാം. സുശീൽഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെ കെഎസ്‌ആർടിസിയിൽ കൊണ്ടുവരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോജ് ശങ്കറിന്‍റെ നിയമനം.
മുതൽക്കൂട്ടാകുമോ സേവനം ? അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണറായ അദ്ദേഹത്തിന്‍റെ പ്രവർത്തനം കെഎസ്‌ആർടിസിക്ക് മുതൽക്കൂട്ടാകുമെന്നാണ് മാനേജ്‌മെന്‍റ് വിലയിരുത്തൽ. 2009 ബാച്ച് ഇന്ത്യൻ ഓർഡിനൻസ് ഫാക്‌ടറി സർവീസ് ഉദ്യോഗസ്ഥനാണ് പ്രമോജ് ശങ്കർ. പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിക്കുന്ന അഞ്ച് കെഎഎസ് ഓഫിസർമാരെ, കെഎസ്‌ആർടിസിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിയമിക്കണമെന്ന് സർക്കാരിന് മാനേജ്‌മെന്‍റ് അപേക്ഷ നൽകിയിരുന്നു.
പ്രമോജ് ശങ്കർ ശ്രീചിത്ര എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങില്‍ ബിടെക്കും, മദ്രാസ് ഐ ഐ ടിയിൽ നിന്ന് എംടെക്കും പാസായിട്ടുണ്ട്. ഗതാഗത വകുപ്പാണ് കെഎസ്‌ആർടിസിയിൽ ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ തസ്‌തിക സൃഷ്‌ടിച്ച് ഉത്തരവിറക്കിയത്. അതേസമയം ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളത്തിൻ്റെ രണ്ടാം ഗഡു ഇതുവരെയും നൽകിയിട്ടില്ല.
also read:കെഎസ്‌ആർടിസിയിലെ ശമ്പളം: പണിമുടക്ക് നടത്തുമെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ്