തിരുവനന്തപുരം :ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍റെ (PP Mukundan) നിര്യാണത്തില്‍ അനുശോചനവുമായി പ്രമുഖർ (PP Mukundan Remembering By Politicians). ഭാരതീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം അദ്ദേഹത്തിന്‍റെ നേതൃത്വ ശൈലിയുടെ സവിശേഷതയായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) അനുസ്‌മരിച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നതായും ഗവർണർ അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി.
കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. നിയമസഭ സ്‌പീക്കർ എഎൻ ഷംസീറും പിപി മുകുന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
രാഷ്‌ട്രീയക്കാരന്‍റെ കാര്‍ക്കശ്യമില്ല, നാട്ടുകാര്‍ക്ക് മുകുന്ദേട്ടന്‍ : ആര്‍എസ്എസിന്‍റേയും ബിജെപിയുടേയും ഉന്നത സ്ഥാനം അലങ്കരിക്കുമ്പോഴും സ്വന്തം നാട്ടില്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു പി പി മുകുന്ദന്‍. 1975 ല്‍ അടിയന്തിരാവസ്ഥ കാലത്ത് തൃശൂരില്‍ വച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്‌ത് വിയ്യൂര്‍ ജയിലടച്ചത്. തില്ലങ്കേരി എന്ന കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്നും ആര്‍എസ്എസ് പ്രചാരകനായി നാല് പതിറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിക്കുകയും ബിജെപിയുടെയും ആര്‍എസ്എസിന്‍റേയും ഉന്നത നേതാവായി ജീവിതാവസാനം വരെ തുടരുകയും ചെയ്‌തു.
എത്ര വലിയ പ്രശ്‌നമായാലും പി പി മുകുന്ദന്‍ ഇടപെട്ടാല്‍ അത് പരിഹരിക്കപ്പെടുമെന്ന വിശ്വാസം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് തന്നെ തില്ലങ്കേരിക്കാർക്ക് പിപി മുകുന്ദൻ എന്നും മുകുന്ദേട്ടന്‍ ആയിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ സൗമ്യനായി ഇടപെടുന്ന നേതാവ്, സ്വന്തം നാട്ടിലെ ഏത് കാര്യത്തിലും ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകന്‍, രാഷ്‌ട്രീയക്കാരന്‍റെ കാര്‍ക്കശ്യം മാറ്റി വച്ച നാട്ടുകാരന്‍ എന്നിങ്ങനെയാണ് നാട്ടുകാര്‍ പിപി മുകുന്ദനെ ഓര്‍ത്തെടുക്കുന്നത്.