തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം മേയ് മൂന്ന് വരെ തുടരും. ഊർജ്ജ പ്രതിസന്ധി മറികടക്കാൻ അധികനിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചതായി ചെയർമാൻ ബി അശോക് വ്യക്തമാക്കി. മേയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി കെഎസ്ഇബി പുറത്തു നിന്നു വാങ്ങും. പ്രതിദിനം ഒന്നര കോടിയുടെ അധികബാധ്യതയാണ് ഇതുമൂലം ഉണ്ടാവുക.
രാജ്യത്തെ കൽക്കരി ക്ഷാമം ഈ വർഷം ഒക്ടോബർ മുതൽ നവംബർ വരെ തുടരുമെന്നാണ് എൻടിപിസി അധികൃതർ നൽകുന്ന സൂചന. ഇതുമൂലം മേയ് മൂന്നിന്, 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു വിലയിരുത്തൽ. ഇതു മറികടക്കാനാണ് അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നത്. കെഎസ്ഇബി ആശ്രയിക്കുന്ന 27 നിലയങ്ങളിൽ മൂന്നെണ്ണം (എൻ.ടി.പി.എൽ, ബുവ പവർ ലിമിറ്റഡ്, മെജിയ ഇറക്കുമതി ചെയ്ത കൽക്കരിയെ ആശ്രയിക്കുന്നതായതിനാൽ വരും ആഴ്ചകളിലും പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയിൽ ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ട്.
കേരളത്തിൻ്റെ ശരാശരി പീക് ആവശ്യകതയിൽ 78 മെഗാവാട്ട് മാത്രമാണ് ഈ നിലയങ്ങൾ നൽകുന്നത് എന്നതിനാൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കെ.എസ്.ഇ.ബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും. ഇതിന്‍റെ പ്രവർത്തനങ്ങൾ ഇന്നുതന്നെ ആരംഭിക്കും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുതി നിയന്ത്രണങ്ങളിൽ കുറവുവരുത്തും.