തുടര്‍ച്ചയായ വൈദ്യുതി തടസം; തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വൈദ്യുതി തടസപ്പെടുന്നത് പതിവാകുന്നു. ഓപ്പറേഷന്‍ തിയേറ്ററിലടക്കമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്നത് വലിയ പ്രതസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
ഇന്ന് ഒരു മണിക്കൂറോളമാണ് വൈദ്യുതി തടസപ്പെട്ടത്. കഴിഞ്ഞ ദിവസവും രണ്ട് മണിക്കൂറോളം മെഡിക്കല്‍ കോളജില്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. ഓപ്പറേഷന്‍ തിയേറ്ററുകളില്‍ പകരം സംവിധാനമുള്ളതിനാല്‍ ശസ്ത്രക്രിയകള്‍ തടസപ്പെട്ടില്ല.
രണ്ട് ദിവസങ്ങളിലായി ഇടവിട്ട് വൈദ്യുതി തടസം:എന്നാല്‍, വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നവരും കൂട്ടിരിപ്പുകാരും ഇരുട്ടില്‍ ഏറെ ബുദ്ധിമുട്ടി. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗികളുള്ള വാര്‍ഡുകളും ഇരുട്ടിലായി. രണ്ട് ദിവസമായി ഇടവിട്ട് വൈദ്യുതി തടസം നേരിടുന്നതായാണ് രോഗികള്‍ പരാതിയുന്നയിക്കുന്നത്.
15 തവണ വരെയാണ് ഇടവിട്ട് വൈദ്യുതി തടസം നേരിടുന്നത്. വിവിധ ഒപികളുടെ പ്രവര്‍ത്തനത്തേയും വൈദ്യുതി തടസം ബാധിച്ചിട്ടുണ്ട്. എക്‌സറെ, ഇസിജി തുടങ്ങി അടിയന്തര പരിശോധനകളേയും വൈദ്യുത തടസം ബാധിച്ചു. വൈദ്യുതി വരുന്നതുവരെ ഒപിയിലെത്തിയവരടക്കം ഇരുട്ടത്ത് നില്‍ക്കേണ്ട അവസ്ഥയായിരുന്നു. ആയിരകണക്കിന് രോഗികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്നത്. ഒപിയിലും വലിയ തിരക്കാണ് ദിനവും അനുഭപ്പെടുന്നത്.
വൈദ്യുതി തടസം അറ്റകുറ്റപ്പണികളെ തുടര്‍ന്ന്:ഇത്തരത്തിലുള്ള വൈദ്യുത തടസം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപം നടക്കുന്ന അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് വൈദ്യുത തടസമെന്നാണ് കെഎസ്‌ഇബി ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. എന്നാല്‍, മെഡിക്കല്‍ കോളജ് പോലെ ഏറെ നിര്‍ണായകമായ സ്ഥലങ്ങളിലെ അറ്റകുറ്റപണിക്ക് മുമ്പ് പകരം സംവിധാനം ഒരുക്കുന്നതില്‍ പരാജയപ്പെട്ടതിലാണ് വിമര്‍ശനമുയരുന്നത്.
മെഡിക്കല്‍ കോളജിലെ അസൗകര്യങ്ങള്‍ സംബന്ധിച്ച് നിരവധി വിവരങ്ങള്‍ നേരത്തേയും പുറത്തു വന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവും വാര്‍ഡുകളിലെ ബെഡുകളുടെ കുറവും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധവനാണ് ഇത്തരം അസൗകര്യങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് ഈ വിമര്‍ശനങ്ങള്‍ക്ക് നല്‍കുന്ന മറുപടി. പൂര്‍ണമായും റഫറല്‍ ആശുപത്രിയായി മെഡിക്കല്‍ കോളജിനെ മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പൂര്‍ണമായും നടപ്പിലായിട്ടില്ല.
വിമര്‍ശനങ്ങള്‍ക്കിടയിലും അഭിമാന നേട്ടം:അതേസമയം, വിമര്‍ശനങ്ങള്‍ക്കിടയിലും നിരവധി മികച്ച നേട്ടകളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്വന്തമാക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയിലടക്കം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മികവ് പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇടംപിടിച്ചത്.
44ാം റാങ്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ലഭിച്ചത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ദേശീയ റാങ്കിങ്ങില്‍ ഉള്‍പെടുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ നിലവാരം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ചികിത്സ നിലവാരം. അധ്യാപനം, പഠന സൗകര്യങ്ങള്‍, പ്രഫഷണല്‍ പ്രാക്‌ടീസ് ചെയ്യുന്നതിനുള്ള സൗകര്യം, സമയബന്ധിതമായ ബിരുദദാനം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, റീജണല്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്‌റ്റിറ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള ശ്രീചിത്തിര തിരുന്നാള്‍ ഹോസ്‌പിറ്റല്‍, ശ്രീചിത്ര ഇന്‍സ്‌റ്റിറ്യൂട്ട് ഓഫ് പാരമെഡിക്കല്‍സ്, കോളജ് നഴ്‌സിങ്ങ് എന്നിവയുള്‍പെട്ടതാണ് മെഡിക്കല്‍ കോളജ് കാമ്പസ്. 1951ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് മെഡിക്കല്‍ കോളജ് ഉദ്‌ഘാടനം ചെയ്‌തത്.