തിരുവനന്തപുരം: പൊലീസ് പോസ്റ്റൽ വോട്ട് വിവാദത്തിൽ ഇന്ന് വൈകിട്ടോടെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പോസ്റ്റൽ വോട്ട് ആരോപണത്തിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന ഡിജിപി നൽകിയ റിപ്പോർട്ട് ടിക്കാറാം മീണ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഈ മാസം 15നകം നല്‍കാന്‍ ടിക്കാറാം മീണ ഡിജിപിയോട് ആവശ്യമുന്നയിച്ചു.
പൊലീസുകാരുടെ പോസ്റ്റൽ വോട്ട് : ഇന്ന് നടപടിയെന്ന് ഡിജിപി - തിരുവനന്തപുരം
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു പൊലീസുകാരനെതിരെ നടപടിയെടുക്കാനും നാല് പേര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായ വൈശാഖിനെതിരെയാണ് നടപടി. അസോസിയേഷന്‍ നേതാക്കളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും വ്യക്തമാക്കിയിരുന്നു. വ്യാപകമായ തിരിമറി തെളിയുകയാണെങ്കില്‍ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദ് ചെയ്യാനും വീണ്ടും പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യിപ്പിക്കാനും സാധ്യതയുണ്ട്.