കൊച്ചി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള നാശനഷ്‌ടങ്ങളില്‍ രണ്ടാഴ്‌ചയ്ക്കകം അഞ്ച് കോടി 20 ലക്ഷം രൂപ കെട്ടിവയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. തുക കെട്ടിവെച്ചില്ലെങ്കിൽ നേതാക്കളുടെ സ്വകാര്യ സ്വത്തുവകകളടക്കം കണ്ടുകെട്ടാനും കോടതി നിർദേശമുണ്ട്. മജിസ്ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കിയത്.
മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് അടക്കം ഉണ്ടാക്കിയ നാശനഷ്‌ടങ്ങളിലാണ് തുക ഈടാക്കാനുള്ള ഹൈക്കോടതി ഉത്തരവ്. സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. പ്രതികളുടെ ജാമ്യവ്യവസ്ഥയിൽ നഷ്‌ടപരിഹാരത്തുക ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശമുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് തുക കെട്ടിവയ്ക്കേണ്ടത്.
സംഘടന കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മിഷണർ നഷ്‌ടം സംഭവിച്ചവർക്ക് കൈമാറും. ഇതിനായി അഡ്വ പി.ഡി ശാർങധരനെ ക്ലെയിംസ് കമ്മിഷണറായും ഹൈക്കോടതി നിയോഗിച്ചു. അധിക നഷ്‌ടം കണ്ടെത്തുന്ന മുറയ്ക്ക് പിഎഫ്ഐ ക്ലെയിംസ് കമ്മിഷണർക്ക് മുന്നിൽ പണം കെട്ടിവയ്ക്കണം. ജസ്‌റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയത്.
എല്ലാ കേസിലും അബ്‌ദുൾ സത്താർ പ്രതി:പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ സത്താറിനെ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാനും സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച (26.09.2022) വരെ 417 കേസുകൾ രജിസ്‌റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 1992 പേരെ അറസ്‌റ്റ് ചെയ്തതായും 687 പേരെ കരുതൽ തടങ്കലിലാക്കിയതായും റിപ്പോർട്ടിലുണ്ട്.