തിരുവനന്തപുരം:തിരുവനന്തപുരത്തെ ഏറ്റവും തീവ്രമായ രോഗബാധിത കേന്ദ്രമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍. ജയിലിലെ പകുതിയോളം തടവുകാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 975 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഇതില്‍ 475 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രോഗം ആദ്യം സ്ഥിരീകരിച്ച കിളിമാനൂര്‍ സ്വദേശി മണികണ്ഠന്‍ ഞായറാഴ്ച മരിക്കുകയും ചെയ്‌തു. ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എട്ട് ജീവനക്കാരും ജയിലിലെ ഡോക്ടറും രോഗം ബാധിച്ചവരില്‍പ്പെടുന്നു. ഇന്നലെ മാത്രം 114 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷം
475 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം സജ്ജമാക്കും. രോഗബാധിതരായ തടവുകാരെ പ്രത്യേക ബ്ലോക്കിലാക്കിയാണ് ചികിത്സ നല്‍കുന്നത്. പകുതിയോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനുണ്ടായ സാഹചര്യം എങ്ങനെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. എല്ലാ ബ്ലോക്കിലും രോഗം പകര്‍ന്നത് പ്രതിരോധ സംവിധാനത്തിലെ പാളിച്ചയാണെന്നാണ് വിലയിരുത്തല്‍.
പൂജപ്പുരയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ആന്‍റിജൻ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍ദേശിച്ചു. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ 65വയസ്സിനു മകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.