തിരുവനന്തപുരം:ചന്ദനക്കുറിയിട്ടവരെ മൃദുഹിന്ദുത്വത്തിന്‍റെ ആളുകളാക്കി മാറ്റുന്നത് നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റാനേ സഹായിക്കൂവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ പരാമര്‍ശം ഉയര്‍ത്തിയ ചര്‍ച്ചയുടെ ചൂടാറുന്നില്ല. 2024ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭൂരിപക്ഷ മതവിഭാഗത്തോടുള്ള കോണ്‍ഗ്രസിന്‍റെ സമീപനം വ്യക്തമാക്കുന്ന ആന്‍റണിയുടെ പ്രസ്‌താവനയുടെ പൊരുള്‍ വ്യക്തം- ചന്ദനക്കുറിയിട്ടവരും ക്ഷേത്രങ്ങളില്‍ പോകുന്നവരും കോണ്‍ഗ്രസിന് നിഷിധമല്ല. ഇതിലൂടെ ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് ചോര്‍ച്ചയ്ക്ക് തടയിടുക എന്നു മാത്രമല്ല ഹൈന്ദവതയ്ക്കു കോണ്‍ഗ്രസില്‍ ഇടമുണ്ട് എന്നു കൂടി വ്യക്തമാക്കുകയാണ് ആന്‍റണി.
അതായത് മതേതരത്വം എന്നത് മത നിരാസമല്ല, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുക കൂടിയാണെന്ന് വ്യക്തമാക്കിയുള്ള നീക്കമാണ് ആന്‍റണിയുടേതെന്ന് വ്യക്തം. കോണ്‍ഗ്രസ് എല്ലാക്കാലത്തും ന്യൂനപക്ഷ പ്രീണനം നടത്തുന്ന പാര്‍ട്ടിയാണെന്ന ബിജെപി ആരോപണത്തിന്‍റെ മുനയൊടിക്കുക മാത്രമല്ല, സമീപകാലത്ത് ഹൈന്ദവ മതവിശ്വാസികള്‍ക്കിടയില്‍ ബിജെപിക്കുണ്ടാകുന്ന സ്വീകാര്യത തകര്‍ക്കുക എന്ന ലക്ഷ്യം കൂടി ആന്‍റണിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിലുണ്ട്.
കോണ്‍ഗ്രസ് എല്ലാ കാലത്തും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം പ്രധാനമായി ഉയര്‍ത്തുന്നത് കേരളത്തില്‍ സിപിഎമ്മാണ്. മൃദു ഹിന്ദുത്വം എന്ന വാദം സിപിഎം ഉയര്‍ത്തുക വഴി ഹിന്ദുക്കളുടെ കുത്തക ബിജെപിയെ ഏല്‍പ്പിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചു പോരുന്നതെന്ന് വ്യക്തമാക്കി കെ.മുരളീധരന്‍ ആന്‍റണിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.
മൃദു ഹിന്ദുത്വ ചാപ്പ ബിജെപിയെ വളര്‍ത്താനെന്ന് വാദം: മൃദു ഹിന്ദുത്വം എന്ന പദം സിപിഎം കാലാകാലങ്ങളായി കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്‍റെ ഇടം ബിജെപിക്കു നല്‍കുന്നതിനാണെന്ന വാദമാണ് മുരളീധരന്‍ ഉയര്‍ത്തുന്നത്. മൃദുഹിന്ദുത്വം എന്നാക്ഷേപിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബിജെപിക്ക് വളരാന്‍ സിപിഎം അവസരമൊരുക്കുന്നു എന്നാണ് മുരളീധരന്‍ പറഞ്ഞു വയ്ക്കുന്നത്. ആരാണ് കേരളത്തില്‍ ബിജെപിക്ക് വളമൊരുക്കുന്നത് എന്നതിലേക്ക് കോണ്‍ഗ്രസ് കൃത്യമായി വിരല്‍ ചൂണ്ടുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെല്ലാം ആന്‍റണിയുടെ പ്രസ്‌താവനയുടെ മര്‍മ്മം തിരിച്ചറിഞ്ഞ് അതിനു പിന്നില്‍ അണിനിരക്കുന്നതു തന്നെ ഈ പ്രസ്‌താവനയെ കോണ്‍ഗ്രസ് പിടിവള്ളിയാക്കുന്നു എന്നതിന്‍റെ സൂചനയാണ്. ഒരേസമയം ബിജെപിയേയും സിപിഎമ്മിനെയും ആക്രമിക്കുകയും അണികളുടെ ചോര്‍ച്ച ഒഴിവാക്കുകയുമാണ് ഈ പ്രസ്‌താവനയിലൂടെ ആന്‍റണി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.