തിരുവനന്തപുരം :സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്‌ട്രീയ കേരളം. ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നല്‍കി, സിപിഎമ്മും സിപിഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച നേതാവാണ് കാനം. ഇടതുപക്ഷത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ ശക്തമായി നേരിടുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നേതാവിനെയാണ് കാനം രാജേന്ദ്രന്‍റെ വിയോഗത്തിലൂടെ നഷ്‌ടമായത്.
അനുശോചിച്ച് ഗവർണർ : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർഥി, യുവജന, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വം ശ്രദ്ധേയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൊതുപ്രവർത്തകനെന്ന നിലയിലെ സംഭാവനകളും സാമൂഹിക നന്മയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിജ്ഞാബദ്ധതയും എക്കാലവും സ്‌മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഷ്‌ടമായത് സൗമ്യനായ നേതാവിനെയെന്ന് മന്ത്രി എംബി രാജേഷ് :സഖാവ് കാനം രാജേന്ദ്രന്‍റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. എഴുപതുകളിലെ ഇടതുപക്ഷ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം യുവജന സംഘടന നേതാവ്, മികച്ച ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിലും കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞു നിന്നു. ഏഴും എട്ടും നിയമസഭകളിൽ വാഴൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് അംഗമായ കാനം ജനകീയ വികാരം ഫലപ്രദമായി സഭയിൽ പ്രതിഫലിപ്പിക്കുന്ന മികച്ച സാമാജികനായിരുന്നു.
2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവായിരുന്നു. എൽഡിഎഫിൽ കുഴപ്പമുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ സമർഥമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയ നേതാവാണ്. മിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനങ്ങൾ.
പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും വ്യക്തമായും അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് കാനത്തിന്‍റെ വേർപാട് നികത്താനാവാത്ത നഷ്‌ടമാണ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
തൊഴിലാളി വര്‍ഗത്തിനായി പോരാടിയ ധീരന്‍ :സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അകാല വിയോഗത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സങ്കീര്‍ണമായ രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ച ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം. കേരളത്തില്‍ ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ ഇച്ഛാശക്തി പുലര്‍ത്തിയിരുന്ന നേതാവാണ് അദ്ദേഹം.
അടിസ്ഥാന ജനവിഭാഗത്തിന്‍റെ വിശിഷ്യ തൊഴിലാളി വര്‍ഗത്തിന്‍റെ അവകാശ പോരാട്ടങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന നേതൃത്വ മികവ് രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് എക്കാലവും മാതൃകയാണ്. വര്‍ഷങ്ങളായി വ്യക്തിപരമായി ഏറെ ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. 1982-ല്‍ നിയമസഭ സമാജികരെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനായിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവിന്‍റെ വിയോഗം സിപിഐയ്ക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും അപരിഹാര്യമായ നഷ്‌ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
നിലപാടുകളില്‍ കരുത്തന്‍ :സിപിഐ സംസ്ഥാന സെക്രട്ടറിയും കേരള രാഷ്‌ട്രീയത്തിലെ സമുന്നത വ്യക്തിത്വവുമായ കാനം രാജേന്ദ്രന്‍റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്‍റണി രാജു അനുശോചനം അറിയിച്ചു. നിലപാടുകളിൽ കരുത്തനും ഇടപെടലുകളിൽ സൗമ്യനുമായ നേതാവായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പ്രശ്‌നങ്ങളെ കൃത്യമായി സമീപിക്കുവാനും വ്യക്തമായി വിശകലനം ചെയ്യുവാനും അദ്ദേഹത്തിന് സ്വതസിദ്ധമായ കഴിവുണ്ടായിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്‍റെ വേർപാട് കേരള രാഷ്‌ട്രീയത്തിന് പൊതുവേയും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചും വലിയ നഷ്‌ടമാണ്. സഹപ്രവർത്തകരോടും കുടുംബത്തോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് നേതാവ് :വ്യാപരിച്ച മേഖലകളിലെല്ലാം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് മന്ത്രിയും ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഐഎൻഎല്ലിനോടും വ്യക്തിപരമായി തന്നോടും അദ്ദേഹം കാണിച്ച സ്നേഹവും ആദരവും എന്നും നല്ല ഓർമകളുടെതാണ്. കാനം എഐടിയുസി നേതൃ പദവിയിലുള്ള കാലം ചൂഷണങ്ങൾക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് നടത്തിയ സമരപോരാട്ടങ്ങൾ ട്രേഡ് യൂണിയൻ ചരിത്രത്തിലെ സുവർണ നാളുകളുടെതായിരുന്നു. രാജ്യം വർഗീയ- കോർപ്പറേറ്റ് ശക്തികൾ ഭിന്നിപ്പിക്കുന്ന ഇരുണ്ട കാലത്ത് കാനം സ്വജീവിതത്തിലൂടെ കാണിച്ച കലർപ്പില്ലാത്ത മതനിരപേക്ഷ വഴി പോരാട്ടങ്ങൾക്ക് കരുത്തു പകരും. അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സമൂഹത്തിനിത് തീരാനഷ്‌ടമെന്ന് എംവി ഗോവിന്ദന്‍ :ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ഐക്യവും ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ് കാനം നമ്മെ വിട്ടുപിരിയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഐക്കും ഇടതുപക്ഷത്തിനും മാത്രമല്ല പൊതുസമൂഹത്തിനും തീരാനഷ്‌ടമാണിത്. ആ വിടവ് ഇടതുപക്ഷ ശക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്തുക എന്നതാണ് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നിലപാടുകളില്‍ വിട്ടു വീഴ്‌ചയില്ലാത്തയാളെന്ന് വിഡി സതീശന്‍ :19-ാം വയസില്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്‍റേത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ സഭയില്‍ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.
വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയ മുന്‍ഗാമികളെ പോലെ നിലപാടുകളില്‍ കാനവും വിട്ടുവീഴ്‌ച ചെയ്‌തില്ല. വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്‌ച അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ സഫലമായില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
നിലപാടുകള്‍ വെട്ടിത്തുറന്ന് പറഞ്ഞയാളെന്ന് കെ സുരേന്ദ്രന്‍ :സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അനുശോചിച്ചു. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു അദ്ദേഹം. തന്‍റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജവം കാണിച്ച വ്യക്തിയായിരുന്നു. സിപിഐയുടെ ജനകീയ മുഖം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിര്‍ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച വ്യക്തിത്വമെന്ന് രമേശ് ചെന്നിത്തല :കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ നേതാവാണ് കാനം രാജേന്ദ്രന്‍. പ്രതിസന്ധികളില്‍ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാനും ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. 1982ല്‍ ഞങ്ങള്‍ ഒരുമിച്ചാണ് നിയമസഭയില്‍ എത്തിയത്.
പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. കാനത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗം സംബന്ധിച്ച വാര്‍ത്ത ഞെട്ടലോടെയാണ് താന്‍ ശ്രവിച്ചത്. കാനത്തിന്‍റെ വേര്‍പാടില്‍ ബന്ധുമിത്രാതികളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
Also read:'നഷ്‌ടമായത് ഇടതുപക്ഷ ഐക്യത്തിന്‍റെ ശക്തിസ്‌തംഭങ്ങളിലൊന്ന്'; കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി