തിരുവനന്തപുരം:വിവാദ മുക്തമായിരുന്നില്ല പടിയിറങ്ങുന്ന 2023ഉം. സര്‍ക്കാരും ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെട്ട നിരവധി വിവാദങ്ങളാല്‍ 2023 സമ്പന്നമായിരുന്നു(Political Controversies Of Kerala In The Year 2023 Part 1). 2023ല്‍ പൊട്ടിപ്പുറപ്പെട്ട പല വിവാദങ്ങളും അതി വേഗം കെട്ടടങ്ങുകയും ചെയ്‌തു. 2023ല്‍ കേരളത്തെ പിടിച്ചുലച്ച സുപ്രധാന വിവാദങ്ങളിലൂടെ ..
ജനുവരി 4 # സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നു:2022 ജൂലൈ മൂന്നിന് പത്തനതിട്ട ജില്ലയിലെ മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതു യോഗത്തില്‍ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചു എന്ന് ആരോപണം ഉയര്‍ന്നതിന്‍റെ പേരില്‍ തിരുവല്ല കോടതി നിര്‍ദ്ദേശ പ്രകാരം ജൂലൈ 6ന് രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്കു തിരിച്ചെത്തി. അദ്ദേഹത്തിന്‍റെ പേരിലുള്ള കേസ് തിരുവല്ല കോടതി 6 മാസമായിട്ടും തീര്‍പ്പാക്കാത്തിനാല്‍ മന്ത്രിസഭയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സജി ചെറിയാന്‍റെ മന്ത്രി സഭാ പുന:പ്രവേശം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യം എതിര്‍പ്പുയര്‍ത്തിയെങ്കിലും പതിവു പോലെ അവസാനം അദ്ദേഹം സര്‍ക്കാരിനു വഴങ്ങുകയായിരുന്നു. നടപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സത്യ പ്രതിജ്ഞാ ചടങ്ങു ബഹിഷ്‌കരിച്ചു.
ജനുവരി 13 # വെള്ളക്കരം കൂട്ടാന്‍ ഇടതു മുന്നണി അനുമതി നല്‍കി:സാധാരണ കുടുംബങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിച്ചു കൊണ്ട് പ്രതിമാസം 200 രൂപ വരെ ബില്‍ നിരക്ക് ഉയരുന്ന തരത്തില്‍ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. നിലവില്‍ 88 രൂപമുതല്‍ 166 രൂപവരെ ബില്ല് അടച്ചു കൊണ്ടിരുന്നവര്‍ ഇനി മുതല്‍ 280 മുതല്‍ 560 രൂപ വരെ നല്‍കേണ്ടി വരുന്ന വന്‍ വര്‍ധനയ്ക്കാണ് കേരള ഭരണത്തിനു നേതൃത്വം നല്‍കുന്ന ഇടതു മുന്നണി യോഗം അംഗീകാരം നല്‍കിയത്. ജന ജീവിതം ദുസ്സഹമാക്കുന്ന തീരുമാനമായിട്ടും ജല അതോറിട്ടിക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാകാത്ത സ്ഥിതിയിലായതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിശദീകരണം. നിലവില്‍ 2391.89 കോടി രൂപയാണ് ജല അതോറിട്ടിക്കു ലഭിക്കാനുള്ള കുടിശികയെന്ന് ഇക്കാര്യം ഇടതു മുന്നണി യോഗത്തില്‍ അവതരിപ്പിച്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഇതു പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനു പകരം ഭാരം ചാര്‍ജു വര്‍ധനയായി ജനങ്ങളുടെ ചുമലില്‍ വച്ച എല്‍ഡിഎഫ് നടപടിയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
365 ദിവസം 365 രാഷ്ട്രീയ വിവാദങ്ങള്‍; ഇത് 2023 ലെ കേരളം (ഭാഗം -1) - രാഷ്ട്രീയ വിവാദങ്ങള്‍
Political Controversies Of Kerala In The Year 2023: സജി ചെറിയാന്‍റെ മന്ത്രിസഭാ പുന:പ്രവേശം, ആളിക്കത്തിയ എഐ ക്യാമറ, നവകേരള യാത്രയും രക്ഷാ പ്രവര്‍ത്തനവും, 2023നെ ചൂഴ്ന്നു നിന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പഞ്ഞമില്ല.
Published : Dec 28, 2023, 8:32 PM IST
|Updated : Dec 31, 2023, 10:36 AM IST
ഫെബ്രുവരി 3 # പെട്രോള്‍, ഡീസല്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റ്:വെള്ളക്കര വര്‍ധനയുടെ ഞെട്ടലില്‍ നിന്ന് മോചിതരാകും മുന്നേ പെട്രോളിനും ഡിസലിനും മദ്യത്തിനും സെസ് ഏര്‍പ്പുടുത്തുമെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ ബജറ്റ് പ്രഖ്യാപനം വന്‍ പ്രതിഷേധത്തിനിടയാക്കി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ടു രൂപാ നിരക്കില്‍ സാമൂഹിക സെസ് ഏര്‍പ്പെടുത്താനും 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപാ നിരക്കിലും 1000 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും സെസ് ഏര്‍പ്പെടുത്താനാണ് മന്ത്രി തീരുമാനിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്ന വേളയിലായതിനാല്‍ പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രതിഷേധവും സഭാ കവാടത്തില്‍ 5 പ്രതിപക്ഷ എംഎല്‍എ മാര്‍ സത്യാഗ്രഹവും നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറായില്ല.
ഫെബ്രുവരി 14 # എം ശിവശങ്കര്‍ വീണ്ടും അറസ്റ്റില്‍:സ്വര്‍ണക്കടത്തു കേസില്‍ ഇഡി അറസ്റ്റില്‍ നിന്ന് ജയില്‍ മോചിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പു കേസില്‍ വീണ്ടും അറസ്റ്റിലായി. മൂന്നു കേസുകളിലായി 90 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് നാലാമത്തെ കേസില്‍ ശിവശങ്കര്‍ വീണ്ടും അറസ്റ്റിലാകുന്നത്. സസ്‌പെന്‍ഷനിലായി വീണ്ടും സര്‍വ്വീസില്‍ പ്രവേശിച്ച ശേഷം 2023 ജനുവരി 31 ന് വിരമിച്ച് 14 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് ശിവശങ്കര്‍ വീണ്ടും അറസ്റ്റിലാകുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ കേസെടുത്ത ശേഷം തുടര്‍ ചോദ്യം ചെയ്യലുകള്‍ 2022 ഡിസംബറില്‍ ഇഡി ആരംഭിച്ചിരുന്നു. പദ്ധതിക്കായി യുഎഇ യിലെ റെഡ് ക്രസന്‍റ് വഴി ലഭിച്ച ഏഴേമുക്കാല്‍ കോടി രൂപയില്‍ 3.80 കോടി രൂപ കോഴയായി നല്‍കിയെന്ന് കരാറുകാരനായ യൂണിടാക്ക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍റെ പരാതിയിലാണ് ഇഡി ശിവശങ്കറിനെതിരെ കേസെടുത്തത്.
ഫെബ്രുവരി 15 # 8 ബില്ലുകള്‍ ഗവര്‍ണര്‍പിടിച്ചു വച്ചിരിക്കുന്നത് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി:നിയമസഭ പാസാക്കിയ 8 ബില്ലുകള്‍ പിടിച്ചു വച്ചിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചെങ്കിലും ഗവര്‍ണര്‍ ഇക്കാര്യം കണ്ടതായി ഭാവിച്ചില്ല. ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ മാറ്റുന്നതടക്കമുള്ള 8 ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങുന്നത് ഇതു മുതലാണ്.
ഫെബ്രുവരി 28 # ലൈഫ് മിഷന്‍റെ പേരില്‍ മാത്യു കുഴല്‍ നാടനും മുഖ്യമന്ത്രിയും നിയമസഭയില്‍ വാക്‌പോര്:
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റു ചെയ്‌ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്വപ്‌നാ സുരേഷും ശിവശങ്കറും തമ്മില്‍ ക്ലിഫ് ഹൗസില്‍ ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശം നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത് മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടനും തമ്മിലുള്ള പരസ്യ വെല്ലുവിളിക്കിടയാക്കി. പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി കോടതിയെ സമീപിക്കണമെന്നായി കുഴല്‍നാടന്‍. ഇതോടെ കൂടുതല്‍ ക്ഷുഭിതനായ മുഖ്യമന്ത്രി തനിക്ക് ഇക്കാര്യത്തില്‍ ആരുടെയും സഹായം ആവശ്യമില്ലെന്നും അതിന് സര്‍ക്കാരിന്‍റേതായ സംവിധാനമുണ്ടെന്നും വ്യക്തമാക്കി.
മാര്‍ച്ച് 2 # ബ്രഹ്മപുരം മാലിന്യ പ്ലാന്റില് തീപിടുത്തം:വന്‍ രാഷ്ട്രീയ വിവാദത്തിനു തുടക്കമിട്ട് കൊച്ചി നഗരത്തെയും സമീപ പ്രദേശങ്ങളെയും ശ്വാസം മുട്ടിച്ച ദിവസങ്ങളോളം നീണ്ടു നിന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടുത്തം. വൈകിട്ട് നാലരയോടെയാണ് മാലിന്യ പ്ലാന്റില് തീപിടുത്തം തുടങ്ങിയത്. മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനി മാലിന്യം നീക്കം ചെയ്യുന്നതിനു പകരം പെട്രോളെഴിച്ചു മാലിന്യം തീയിട്ടു എന്നും ഇത് സിപിഎമ്മിന്‍റെ അറിവോടെയാണെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. മാലിന്യം നീക്കം ചെയ്യുന്നതിനു കാരാറെടുത്ത കമ്പനി ഉമകള്‍ക്ക് സിപിഎം നേതാവ് വൈക്കം വിശ്വന്‍റെ മരുമകനുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു. പത്തു ദിവസത്തോളം തീയിലും പുകയിലും കൊച്ചി നിവാസികള്‍ വലഞ്ഞത് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കി.
മാര്‍ച്ച് 4 # മലയാളം സര്‍വ്വകലാശാലയില്‍ സര്‍ക്കാര്‍ ശുപാര്‍ശ തള്ളി സ്വന്തം വിസിയെ നിയമിച്ച് ഗവര്‍ണര്‍:
തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലേക്ക് സര്‍ക്കാര്‍ ശുാര്‍ശ ചെയ്‌ത മൂന്നംഗ പാനലിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയില്‍ താല്‍ക്കാലി വൈസ് ചാന്‍സലറെ നിയമിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല വിസി ഡോ.ബാബു തോമസിനാണ് താത്കാലിക ചുമതല നല്‍കിയത്. കേരള സര്‍വ്വകലാശാല മുന്‍ പപ്രോ വിസി പിപി അജകുമാര്‍, സംസ്‌കൃത വിഭാഗം പ്രൊഫസര്‍ ഡോ.ഷൈജ, സംസ്‌കൃത സര്‍വ്വകലാശലയിലെ വത്സന്‍ വാതുശേരി എന്നിവരുടെ പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ താത്കാലിക വീസിയെ നിയമിച്ചത്. ഒരു സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി കഴിഞ്ഞാല്‍ മറ്റൊരു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ചുമതല നല്‍കാമെന്ന വ്യവസ്ഥയിലാണ് ഗവര്‍ണറുടെ നടപടി.
മാര്‍ച്ച് 15 # അടിയന്തിര പ്രമേയത്തിന് തുടര്‍ച്ചയായി അനുമതിയില്ല, സ്‌പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചു:
സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ നിയമസഭയിലെ മുഖ്യ ആയുധമായ അടിയന്തിര പ്രമേയ നോട്ടീസിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്ന സ്‌പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു നിയമസഭയിലെ സ്‌പീക്കറുടെ ഓഫീസ് ഉപരോധിച്ചത് സഭയ്ക്കു പുറത്ത് ഭരണ-പ്രതിപക്ഷ കയ്യാങ്കളിക്കു കാരണമായി. ഭരണ പക്ഷവും വാച്ച് ആന്‍റ് വാര്‍ഡും ഒരു വശത്തും പ്രതിപക്ഷം മറുവശത്തും അണി നിരന്ന കയ്യാങ്കളിയില്‍ പ്രതിപക്ഷ എംഎല്‍എ മാരായ കെ കെ രമ, സനീഷ്‌കുമാര്‍ ജോസഫ്, ടിവി ഇബ്രാഹിം, എകെഎം അഷറഫ് എന്നിവര്‍ക്കു പരിക്കേറ്റു.
മാര്‍ച്ച് 19 # ബിജെപിയുടെ മനം കുളിര്‍പ്പിച്ച് ബിഷപ് പാംപ്ലാനി:റബ്ബര്‍ വിലയിലൂടെ കേരളത്തില്‍ ബിജെപിയുടെ മോഹങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകു നല്‍കി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. റബ്ബറിന്‍റെ വില 300 രൂപയായി പ്രഖ്യാപിച്ച് നിങ്ങള്‍ കര്‍ഷകരില്‍ നിന്ന് റബ്ബര്‍ ശേഖരിച്ചാല്‍ നിങ്ങള്‍ക്ക് ഒരു എംപിയില്ലാത്തതിന്‍റെ വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം എന്നായിരുന്നു ബിഷപ്പിന്‍റെ പ്രഖ്യാപനം. ബിജെപിയെ പേരെടുത്തു പറയാതെ നടത്തിയ ഈ പ്രസ്താവന കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളെ ഞെട്ടിച്ചു. എന്നാല്‍ പിന്നാലെ പ്രസ്താവനയില്‍ വ്യക്തത വരുത്തിയ ബിഷപ്പ്, ബിജെപിയോട് അയിത്തമൊന്നുമില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, സിപിഎം നേതാക്കളില്‍ അങ്കലാപ്പ് സൃഷ്ടിക്കുകയും ചെയ്തു.(തുടരും.....)