കേരളം

kerala

ETV Bharat / state

നയപ്രഖ്യാപനം സർക്കാരുകളെ പ്രീണിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

പിൻവാതിൽ വഴി സി.പി.എമ്മുകാരെ നിയമിക്കുന്ന സർക്കാരാണ് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞു എന്ന കല്ലുവെച്ച നുണ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇത് പരിഹാസ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.

Mullappally Ramachandran  policy announcement  നയപ്രഖ്യാപനം  മുല്ലപ്പള്ളി രാമചന്ദ്രൻ  തിരുവനന്തപുരം  കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
നയപ്രഖ്യാപനം സർക്കാരുകളെ പ്രീണിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Jan 8, 2021, 6:02 PM IST

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഒരുപോലെ പ്രീണിപ്പിക്കുന്ന പ്രഖ്യാപനമാണ് ഗവർണർ നിയമസഭയിൽ നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

അവകാശവാദങ്ങളാണ് നയപ്രഖ്യാപനത്തിൽ ഉടനീളം. അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരെ പൂർണമായും വഞ്ചിച്ച സർക്കാരാണിത്. പി.എസ്.സിയെ നോക്കുകുത്തിയാക്കുകയും അതിന്‍റെ വിശ്വാസ്യത തകർക്കുകയും ചെയ്തു. പിൻവാതിൽ വഴി സി.പി.എമ്മുകാരെ നിയമിക്കുന്ന സർക്കാരാണ് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞു എന്ന കല്ലുവെച്ച നുണ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടെന്ന് വരുമെന്നിരിക്കെ അനധികൃതമായി താൽക്കാലിക നിയമനം നേടിയ സി.പി.എമ്മുകാരെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സർക്കാർ. ഇത് അധാർമികമായ നടപടിയാണ്. നിയമനം ലഭിക്കാത്തതിൻ്റെ പേരിൽ ഉദ്യോഗാർഥിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. നാലേമുക്കാൽ വർഷത്തെ ഭരണം സംസ്ഥാനത്തെ സമസ്‌ത മേഖലകളും തകർത്തു തരിപ്പണമാക്കി. അടിസ്ഥാനവികസനം, നാലുവരിപാത ഉൾപ്പെടെയുള്ളവയുടെ നിർമാണ പ്രവർത്തനം സാമ്പത്തിക പ്രതിസന്ധി മൂലം നിലച്ചു. ഇവയെല്ലാം ജനങ്ങളിൽ നിന്നും മറച്ചു വച്ചാണ് മുഖ്യമന്ത്രിയും ഭരണകൂടവും മുന്നോട്ടുപോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സർക്കാരിന്‍റെ നിത്യനിദാന ചെലവുകൾക്ക് പോലും പണമില്ല. ആയിരക്കണക്കിന് കോടികളുടെ കടബാധ്യതയാണ് ഇപ്പോൾ തന്നെ. തിരിച്ചടവ് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഒരു ധാരണയും സർക്കാരിനില്ല. കുചേലന്മാരായ മന്ത്രിമാരും സി.പി.എം നേതാക്കളും കുബേരന്മാരായി എന്നതൊഴിച്ചാൽ കാര്യമായ ഒരു പുരോഗതിയും സംസ്ഥാനത്തിനില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വാഗ്ദാന പെരുമഴയുമായാണ് ധനമന്ത്രി ബഡ്‌ജറ്റ് അവതരിപ്പിക്കാൻ തയാറെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ പോലും വിതരണം ചെയ്യാനുള്ള സാമ്പത്തിക ശേഷി സർക്കാരിനില്ല. പൊതുവിതരണ സംവിധാനം തന്നെ തകർക്കപ്പെടും. ദീർഘവീക്ഷണമില്ലാതെയാണ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കോടികൾ ഉയർന്ന പലിശയിൽ കടമെടുക്കുന്നത് എന്നും മുല്ലപ്പള്ളി ആരോപിച്ചു.

ABOUT THE AUTHOR

...view details