തിരുവനന്തപുരം:സംസ്ഥാനത്ത് എ ഐ കാമറകൾ (ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്) സ്ഥാപിച്ചതിന് പിന്നാലെയുണ്ടായ റോഡപകടങ്ങളിലെ ഗണ്യമായ മാറ്റത്തെ പ്രശംസിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ആൻഡ് പൊലീസ് സർജൻ ഡോ. ഉന്മേഷ് എ കെ. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ റോഡപകടങ്ങളിൽ മരണപ്പെട്ട കേസുകളിലെ പോസ്റ്റുമോർട്ടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഉന്മേഷ് എ കെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. എഐ കാമറകൾക്ക് ഇത്രയും ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല.
എന്നാൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനം ഓടിക്കുന്ന ആളും പുറകിലെ യാത്രക്കാരനും ഹെൽമെറ്റ് ധരിക്കുന്നുണ്ട്. കാമറയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അലസമായി തലയിൽ വെയ്ക്കുന്ന ഹെൽമാറ്റിന്‍റെ സ്ട്രാപ്പ് ധരിക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ ഇനിയും മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
ഗതാഗത മന്ത്രി ആന്‍റണി രാജു അടക്കമുള്ളവർ ഉന്മേഷിന്‍റെ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, എ ഐ കാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ. വഹനാപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 2022 ജൂലൈയില്‍ 3,992 ആയിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ കണക്കില്‍ അത് 3316 ആയി കുറഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെയാണ് വാഹനാകടങ്ങളുടെ കാര്യവും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മാത്രം 3316 അപകടങ്ങള്‍ ഉണ്ടായാതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് അപകടങ്ങള്‍ 1201 ആയി കുറഞ്ഞു എന്നാണ്.