കേരളം

kerala

ETV Bharat / state

നിയമസഭയിലെ സംഘർഷം: തെളിവുകൾ ശേഖരിക്കാൻ അനുമതി തേടി നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി പൊലീസ് - KK Rema

സ്‌പീക്കറുടെ ഓഫിസിന് മുന്നിലെത്തി മഹസർ തയാറാക്കാനും എംഎൽഎമാരുടെ മൊഴിയെടുക്കാനുമാണ് പൊലീസ് അനുമതി തേടിയിട്ടുള്ളത്.

നിയമസഭ സംഘർഷം  നിയമസഭ  assembly conflict case  Kerala assembly  വാച്ച് ആൻഡ് വാർഡ്  മ്യൂസിയം പൊലീസ്  Museum Police  സനീഷ് കുമാർ ജോസഫ്  സച്ചിൻ ദേവ്  കെകെ രമ  എം വിൻസെന്‍റ്  Sachin Dev  KK Rema  പൊലീസ്
നിയമസഭയിലെ സംഘർഷം

By

Published : Mar 19, 2023, 3:44 PM IST

തിരുവനന്തപുരം:നിയമസഭയിലുണ്ടായ സംഘർഷത്തിൽ മഹസർ തയ്യാറാക്കാനും എംഎൽഎമാരുടെ മൊഴിയെടുക്കാനും അനുമതി തേടി നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി മ്യൂസിയം പൊലീസ്. കഴിഞ്ഞ ബുധനാഴ്‌ചയാണ് പ്രതിപക്ഷം സ്‌പീക്കറുടെ ഓഫീസ് ഉപരോധിച്ചതും തുടർന്ന് സംഘർഷമുണ്ടായതും. സംഭവത്തിൽ തുടർ നടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭ സെക്രട്ടറിയുടെ അനുമതി തേടിയത്.

സ്‌പീക്കറുടെ ഓഫിസിന് മുന്നിലെത്തി മഹസർ തയാറാക്കണമെന്നാണ് മ്യൂസിയം പൊലീസ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ ടിവിയുടെയും സഭക്കുള്ളിലെ സിസിടിവിയിലെ ദൃശ്യങ്ങളും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള എംഎൽഎമാരുടെയും സാക്ഷികളായ എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാനും അനുമതി തേടിയിട്ടുണ്ട്.

എന്നാൽ മ്യൂസിയം പൊലീസിന്‍റെ ആവശ്യത്തിൽ നിയമസഭ സെക്രട്ടേറിയറ്റ് ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല. സഭ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഭരണപക്ഷ നീക്കം. ഇതിനായുള്ള അനുനയ നീക്കങ്ങളും നടക്കുകയാണ്.

തുടർച്ചയായി തങ്ങളുടെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയ സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ഓഫിസിന്‌ മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

സ്‌പീക്കറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് സ്‌പീക്കർ ഓഫിസിനു മുന്നിലൂടെ വലിച്ചിഴച്ചതായും ആക്ഷേപമുണ്ട്. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ മർദിച്ചതായി ആരോപണമുയർന്നിരുന്നു.

വാച്ച് ആൻഡ് വാർഡിന്‍റെ മർദനമേറ്റതായി പരാതി ഉയർന്ന സനീഷ് കുമാർ ജോസഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കെ കെ രമ, ടിവി ഇബ്രാഹിം, എകെഎം അഷറഫ്, എം വിൻസെന്‍റ് എന്നിവരും സംഘർഷത്തിൽ പരിക്കേറ്റതായി പരാതി ഉന്നയിച്ചു.

സച്ചിൻ ദേവിനെതിരെ കെകെ രമ: അതേസമയം സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ കെ രമ സച്ചിൻ ദേവ് എംഎൽഎക്കെതിരെ സൈബർ സെല്ലിനും സ്‌പീക്കർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. സച്ചിൻ ദേവ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കം ഉൾപ്പെടുത്തിയാണ് കെകെ രമ പരാതി നൽകിയത്.

ആദ്യമായാണ് ഒരു എംഎൽഎക്ക് എതിരെ മറ്റൊരു എംഎൽഎ സൈബർ സെല്ലിന് പരാതി നൽകുന്നത്. പരിക്കിനെ പറ്റിയുള്ള വിവരങ്ങൾ തന്നോട് ചോദിക്കുക പോലും ചെയ്യാതെ നിയമസഭാംഗം സാമൂഹ്യ മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ പങ്കുവയ്‌ക്കുകയും വിവിധ സമയങ്ങളില്‍ ഉള്ള ഫോട്ടോകള്‍ എടുത്ത് കാണിച്ച് പ്രചരണം നടത്തുകയും ചെയ്യുന്നു.

നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവം തെറ്റായി പ്രചരിപ്പിക്കുന്നു. ഒരു സാമാജിക എന്ന നിലയിൽ തന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിൽ കള്ള പ്രചരണം നടത്തുന്നു എന്നുമാണ് കെകെ രമ പരാതിയിൽ പറയുന്നത്. പിന്നാലെ സച്ചിൻ ദേവിന്‍റെ ആരോപണങ്ങളെ അനുകൂലിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.

ALSO READ:കെ കെ രമയ്‌ക്ക് പരിക്കുണ്ടോ ഇല്ലയോ എന്ന് അറിയില്ല, തെറ്റായ ആരോപണങ്ങൾ ഉണ്ടെങ്കിൽ പാർട്ടി ഇടപെടും : എം വി ഗോവിന്ദന്‍

ABOUT THE AUTHOR

...view details