തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് വിവാദക്കാലത്ത് സെക്രട്ടേറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോര്‍ട്ട്.
സംഭവത്തില്‍ അട്ടിമറിയില്ലെന്നും, കത്തിപ്പോയത് അപ്രധാന ഫയലുകളാണെന്നും എഡിജിപി മനോജ് എബ്രഹാമിന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ഓഗസ്റ്റ് 25ന്, സ്വര്‍ണക്കള്ളക്കടത്ത് വിവാദമായിരിക്കെയാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ മനപ്പൂര്‍വം തീയിട്ട് നശിപ്പിച്ചതാണെന്ന് ആരോപിച്ച് പ്രതിപക്ഷം സമരരംഗത്തിറങ്ങി.
തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്
ഇതോടെ വിദഗ്‌ധ സമിതിയുടെയും പൊലീസിന്‍റെയും അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് വിദഗ്‌ധ സമിതി നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഓഫിസ് അവധിയായിരുന്ന ദിവസമാണ് തീപിടിത്തമുണ്ടായത്. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതിനാല്‍ ശുചീകരണ തൊഴിലാളികളെത്തി ഓഫിസ് സാനിറ്റൈസ് ചെയ്‌തു. രാവിലെ 9.30ന് ഇവര്‍ ഫാന്‍ ഓണ്‍ ചെയ്‌തെങ്കിലും, ശുചീകരണം കഴിഞ്ഞ ശേഷം ഫാന്‍ ഓഫ് ചെയ്‌തില്ല.
More Read: സെക്രട്ടേറിയേറ്റ് തീപിടിത്തം; രണ്ടാം തവണയും സർക്കാരിനെതിരായി റിപ്പോർട്ട് സമർപ്പിച്ച് ഫോറൻസിക് വിഭാഗം
ഇതേത്തുടർന്ന്, ഫാനിന്‍റെ മോട്ടോര്‍ ചൂടായി അതിന്‍റെ പുറത്തെ പ്ലാസ്റ്റിക് ഉരുകി പേപ്പറില്‍ വീണ് തീപിടിത്തമുണ്ടായെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
അതേസമയം ഓഫിസിനുള്ളില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.