തിരുവനന്തപുരം :ഗണപതിയെ പരാമർശിച്ചുള്ള നിയമസഭ സ്‌പീക്കർ എഎൻ ഷംസീറിന്‍റെ പ്രസംഗത്തിന് എതിരെ എൻഎസ്എസിന്‍റെ നേതൃത്വത്തിൽ ഇന്നലെ (02.08.23) തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസ് എടുത്തത്. ഘോഷയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അനധികൃതമായി സംഘം ചേർന്നു, സംഘം ചേർന്ന് ഗതാഗതം തടസപ്പെടുത്തി എന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പൊലീസ് ആജ്ഞ ലംഘിച്ചാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം നാമജപ ഘോഷയാത്ര നടത്തുന്ന വിവരം ഘോഷയാത്ര കടന്നുപോകുന്ന പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് എൻഎസ്എസ് നേതൃത്വം നൽകുന്ന വിവരം. പക്ഷേ രേഖാമൂലം അനുമതി വാങ്ങിയിട്ടില്ല. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് ഇന്നലെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്.
തങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല ഞങ്ങളുടെ സ്വത്താണ് എന്ന ബാനറുകൾ ഉയർത്തിയായിരുന്നു നാമജപ ഘോഷയാത്ര. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ദീപം, പാളയത്ത് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പ്രതിഷ്ഠിച്ച ഗണപതി വിഗ്രഹത്തിന് മുന്നിലെ നിലവിളക്കിൽ കൊളുത്തിയ ശേഷമാണ് നാമജപ ഘോഷയാത്ര ആരംഭിച്ചത്.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ മാതൃകയിലാണ് നാമജപ ഘോഷയാത്ര നടത്തിയത്. നൂറുകണക്കിന് എൻഎസ്എസ് പ്രവർത്തകരാണ് നാമജപ ഘോഷയാത്രയിൽ അണിനിരന്നത്. ഗണപതി മിത്താണെന്ന വിവാദ പരാമർശം പിൻവലിച്ച് സ്‌പീക്കർ എഎൻ ഷംസീർ മാപ്പു പറയണമെന്നാണ് എൻഎസ്എസിന്‍റെ ആവശ്യം.