തിരുവനന്തപുരം : മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ പട്ടം ഓഫിസിൽ പൊലീസ് റെയ്‌ഡ്. 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്ടോപ്പ് എന്നിവയാണ് പൊലീസ് റെയ്‌ഡിൽ പിടിച്ചെടുത്തത്. ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു കൊച്ചി സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്. സ്ഥാപനത്തിലേക്ക് ജീവനക്കാർ പ്രവേശിക്കരുത് എന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുന്നതിന്‍റെ ഭാഗമായാണ് തലസ്ഥാനത്തെ ഓഫിസിലും റെയ്‌ഡ്.
ഓഫിസിലെ ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. പി വി ശ്രീനിജൻ എംഎൽഎ ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് പൊലീസ് നടപടി. ചാനൽ മേധാവി ഷാജൻ സ്‌കറിയക്കെതിരെ എസ് സി എസ് ജി പീഡന നിരോധന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വാദിച്ചുകൊണ്ട് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യ അപേക്ഷ തള്ളി. ഷാജൻ സ്‌കറിയ നിലവിൽ ഒളിവിലാണ്.
മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മറുനാടൻ മലയാളി ഓഫിസുകളിൽ നടത്തുന്ന റെയ്‌ഡിന് പുറമേ റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുന്നു. കൊല്ലം ജില്ലയിൽ ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിന് പുറമേ എറണാകുളം ജില്ലയിലെ മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് മരുതംകുഴി, വലിയവിള സ്വദേശികളായ ജീവനക്കാരുടെ വീട്ടിലാണ് പരിശോധന നടത്തിയത്.