തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് വിവാദത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശുപാർശ. ശുപാർശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. എല്ലാ ജില്ലകളിലും വിശദ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു.
പൊലീസുകാരുടെ പോസ്റ്റൽ വോട്ട് : അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി - lok nath behra
ശുപാർശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. എല്ലാ ജില്ലകളിലും വിശദ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിൽ ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നുള്ളത് തെരഞ്ഞെടുപ്പ് ഓഫീസർക്ക് തീരുമാനിക്കാമെന്ന് ഡിജിപി അറിയിച്ചു. വോട്ട് ക്രമക്കേട് തെളിഞ്ഞാൽ ഇതിന് പിന്നിലുള്ളവർക്കെതിരെ നടപടി വേണമെന്നും ഡിജിപി ശുപാർശ ചെയ്തു. പോസ്റ്റൽ വോട്ട് വിവാദത്തിൽ പൊലീസ് അസോസിയേഷന്‍റെ ഇടപെടൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. വോട്ട് ചെയ്യുന്നതിന് മുൻപും ശേഷവും അസോസിയേഷൻ ഇടപെടൽ ഉണ്ടായെന്ന് ഇന്‍റലിജൻസ് മേധാവി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഇന്‍റലിജൻസ് മേധാവി ഡിജിപിക്ക് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ പൊലീസ് അസോസിയേഷൻ ശേഖരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.
പൊലീസിൽ സിപിഎം നേതൃത്വത്തിലുള്ള അസോസിയേഷൻ ഇത്തരത്തിൽ ക്രമക്കേട് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.