തിരുവനന്തപുരം : വധശ്രമ കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തെ ആക്രമിക്കുകയും എസ് ഐമാരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചുവേളി വിനായക നഗര്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ ജാങ്കോ കുമാര്‍ എന്ന അനില്‍കുമാറിനെ (38) വലിയതുറ പൊലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
വലിയതുറ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് അനില്‍കുമാര്‍. ഇന്നലെ രാത്രി വലിയതുറ ബാലനഗര്‍ പ്രദേശത്ത് ഇയാള്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസിന് നേരെ ഇയാള്‍ ആദ്യം ബോംബെറിയുകയായിരുന്നു.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ പൊലീസ് പിന്തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ അടുത്തെത്തിയപ്പോള്‍ ഇയാള്‍ കത്തിവീശി വീണ്ടും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. തുടര്‍ന്ന് വലിയതുറ എസ് ഐമാരായ ഇന്‍സമാം, അജേഷ് എന്നിവരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇന്‍സമാമിന്‍റെ നെഞ്ചില്‍ കത്തി കൊണ്ട് വെട്ടുകയും അജേഷിന്‍റെ കൈയില്‍ കുത്തുകയുമായിരുന്നു. ഇതിനിടെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് അനില്‍കുമാറിനെ കീഴ്‌പ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മുന്‍പ് പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘത്തിന് നേരെ ബോംബേറ് നടത്തിയതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്‍റെ കേള്‍വി നഷ്‌ടപ്പെട്ടിരുന്നു. 2020 ല്‍ വെള്ളനാട് ഉറിയാക്കോട് സ്വദേശിയെ റോഡില്‍ വെട്ടുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌ത സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.