തിരുവനന്തപുരം: കാക്കിക്കുള്ളിലെ കർഷകനാണ് നെയ്യാറ്റിൻകരയിലെ താരം. പൊലീസ് ക്വാർട്ടേഴ്‌സിലെ ഒരേക്കർ സ്ഥലത്ത് വിവിധയിനം കൃഷികൾ ചെയ്ത് വൃത്യസ്തനാവുകയാണ് ജയപ്രസാദ് എന്ന പൊലീസുകാരൻ. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് ജയപ്രസാദ്. ഏത്തൻ, കപ്പ, റോബസ്റ്റ, രസകദളി തുടങ്ങിയ ഇനങ്ങളിലെ 250ല്‍ അധികം വാഴകൾ ഇവിടെയുണ്ട്. ഇതു കൂടാതെ വെണ്ട, വള്ളിപ്പയർ, കത്തിരി, വഴുതന, ചീര തുടങ്ങിയ പച്ചക്കറികളും ഇവിടെ ജയപ്രസാദ് വിളയിച്ചെടുക്കുന്നു. പൂർണമായും ജൈവ രീതിയിലാണ് കൃഷി.
കാക്കിക്കുള്ളിലെ കർഷകൻ; പൊലീസ് ക്വാർട്ടേഴ്‌സില്‍ കൃഷിയിറക്കി ജയപ്രസാദ് - neyyatinkara police station news
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് ജയപ്രസാദ്. നാലര ഏക്കർ വിസ്‌തൃതിയുള്ള പൊലീസ് ക്വാർട്ടേഴ്‌സിന്‍റെ ഉപയോഗശൂന്യമായ പ്രദേശത്താണ് പൊലീസുകാരൻ കൃഷിയിറക്കിയത്
20 വർഷങ്ങൾക്കു മുൻപാണ് ജയപ്രസാദ് സേനയിലെ അംഗമായത്. സ്വന്തമായി വീട് ഇല്ലാത്തതിനാൽ കഴിഞ്ഞ 16 വർഷക്കാലമായി ക്വാർട്ടേഴ്‌സിലാണ് താമസം. കൃഷിയോടുള്ള ജയപ്രസാദിന്‍റെ താല്‍പര്യം ഡിവൈഎസ്‌പി, സിഐ ഉൾപ്പെടെയുള്ള മേൽ ഉദ്യോഗസ്ഥന്മാരോട് പങ്കുവച്ചപ്പോൾ പച്ചക്കൊടി കാട്ടിയതോടെയാണ് ക്വാർട്ടേഴ്‌സ് പരിസരത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമായതെന്ന് ജയപ്രസാദ് പറയുന്നു. നാലര ഏക്കർ വിസ്‌തൃതിയുള്ള പൊലീസ് ക്വാർട്ടേഴ്‌സിന്‍റെ ഉപയോഗശൂന്യമായ പ്രദേശത്താണ് ജയപ്രസാദ് കൃഷി ഇറക്കിയത്. ഇവിടെയുള്ള കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെയും വളർത്തുന്നുണ്ട്.
ഒഴിവുള്ള സമയങ്ങൾ പൂർണമായും കൃഷിയിടത്തിൽ ചെലവഴിക്കുന്ന ജയപ്രസാദിനെ സഹായിക്കാൻ 70 കാരിയായ അമ്മ ലളിതകുമാരിയും കൂടെയുണ്ട്. വിളവ് എടുത്ത് കിട്ടുന്ന കാർഷിക ഉത്പ്പന്നങ്ങൾ പൊലീസ് ക്വാർട്ടേഴ്സിലെ കുടുംബങ്ങൾക്ക് നൽകുകയാണ് പതിവ്. കാടു പിടിച്ചു നശിക്കുന്ന സർക്കാർ ഭൂമികൾ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് കാണിച്ചു നല്‍കുകയാണ് കാക്കിക്കുള്ളിലെ ഈ കർഷകൻ.