തിരുവനന്തപുരം: സര്‍ക്കാരിന് നാണക്കേടുണ്ടാക്കി സംസ്ഥാനത്ത് പൊലീസിന്‍റെ ക്രൂരത തുടരുന്നതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മുഖ്യമന്ത്രി വിളിച്ചു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് (03.01.2022) മൂന്ന് മണിക്ക് ക്ലിഫ് ഹൗസില്‍ വച്ചാണ് യോഗം. സിപിഎം ജില്ല സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന തിരക്കിലായതിനാല്‍ കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നില്ല.
പാലക്കാട് ജില്ല സമ്മേളനം കഴിഞ്ഞ് പുലര്‍ച്ചയോടെയാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. ഇടുക്കി ജില്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്‌ച ഇടുക്കിയിലേക്ക് പോകും. അതിനിടെയാണ് തിരക്കിട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.
യോഗം വിളിച്ചതിന് പിന്നാലെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ റെയില്‍വെ പൊലീസ് മര്‍ദ്ദിച്ച സംഭവം പുറത്തു വരുന്നത്. പുതുവത്സര ദിനത്തില്‍ കോവളത്ത് സ്വീഡിഷ് പൗരന്‍റെ കൈയില്‍ ബില്ലില്ലെന്ന് പറഞ്ഞ് മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം വിവാദമായതിന് പിന്നാലെയാണ് ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടുന്ന ദൃശ്യം പുറത്തു വന്നത്.
സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് ആസ്ഥാനത്തെ എഡിജിപിമാരും ഇന്‍റലിജന്‍സ് മേധാവിയും മാത്രമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. ആലപ്പുഴയിലെ ഇരട്ട കൊലപാതക കേസിലും പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലും പൊലീസ് ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ കൂടിയാണ് ഉന്നത തലയോഗം.