തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വേട്ടയ്ക്കും ഡിവൈഎഫ്ഐ മര്‍ദ്ദനങ്ങള്‍ക്കും എതിരെ കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കനകുന്നിലെ കെ കരുണാകരന്‍ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന് മുന്നേറിയത്(police headquarters march of kpcc turn violent).
ഏറെ കുറെ സമാധാന അന്തരീക്ഷത്തില്‍ നേതാക്കള്‍ പ്രസംഗം തുടരന്നതിനിടെ പൊലീസ് സമരക്കാരുടെ ഇടയിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു, ഇതോടെ പ്രവര്‍ത്തകര്‍ ചിതറി ഓടി, ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഓടി അകന്നവരെ പൊലീസ് പിന്തുടര്‍ന്ന് ലാത്തിക്ക് അടിച്ചു. ഇതിനിടെ ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു.
കണ്ണീര്‍ വാതകം നേതാക്കളെ ദേഹാസ്വാസ്ഥ്യത്തിലേക്ക് തള്ളിവിട്ടു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.