തിരുവനന്തപുരം:സംസ്ഥാനത്ത് അടിക്കടി ഗുണ്ടകളുടെയും അക്രമി സംഘങ്ങളുടെയും വിളയാട്ടം തുടരുന്നതിനിടെ പൊലീസ്-ഗുണ്ടാ അവിഹിത ബന്ധം മിക്ക ജില്ലകളിലും ശക്തമെന്ന വിമര്‍ശനവുമായി ഡിജിപി വിളിച്ച ഉന്നത തല യോഗം. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതില്‍ വീഴ്‌ച വരുന്നതായും ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു (Police goon nexus strong in districts criticism in Kerala police high level meeting).
അതേസമയം പൊലീസ്-ഗുണ്ട കൂട്ടുകെട്ട് പലയിടങ്ങളിലും ഉള്ളതായും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എസ്‌പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് ഡിജിപി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. ഇരുപതിലധികം കേസുകളുള്ള ഗുണ്ടകള്‍പോലും പുറത്ത് സ്വൈര്യവിഹാരം നടത്തുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കുപ്രസിദ്ധ ഗുണ്ടയായ ഓംപ്രകാശിനെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ നിരവധി കേസുകളില്‍ പ്രതിയായ റോഷനെ പിടികൂടാന്‍ ചെന്ന പൊലീസ് സംഘത്തിനു നേരെ പിതാവ് വെടിവച്ച സംഭവമുണ്ടായി. 20 കേസ് കഴിഞ്ഞിട്ടും പ്രതികള്‍ ജാമ്യമെടുത്തു പുറത്തിറങ്ങുകയാണ്.
കേസുകളില്‍ ഫോളോഅപ് ഉണ്ടാകുന്നില്ല. വിചാരണ ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ ഗുണ്ടകള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നു. കേസുകളില്‍ കാലതാമസമില്ലാതെ വിചാരണ ഉറപ്പാക്കി ശിക്ഷ ലഭിക്കുന്ന സാഹചര്യം സൃഷ്‌ടിക്കണം.