തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് വയസുകാരിയോട് പൊലീസിന്‍റെ ക്രൂരത. നെയ്യാറ്റിൻകര ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ മൂന്ന് വയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്. കഴിഞ്ഞ ഫെബ്രുവരി 23നായിരുന്നു സംഭവം.
കുന്നത്തുകാൽ മണിവള സ്വദേശി ഷിബു കുമാറും ഭാര്യ അഞ്ജന സുരേഷും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വഴിയിൽ വച്ച് അമിത വേഗത ആരോപിച്ച് പൊലീസ് തടഞ്ഞു നിർത്തുകയും 1500 രൂപ പിഴ ഈടാക്കുകയും ചെയ്‌തു. കൈയില്‍ 500 രൂപ മാത്രമുണ്ടായിരുന്ന ബിജു അക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ചെവിക്കൊള്ളാൻ തയാറായില്ല.
പിഴ അടക്കാൻ വൈകിയതിനാലും നിയമലംഘനം ചൂണ്ടിക്കാട്ടിയും പ്രകോപിതനായ ഉദ്യോഗസ്ഥൻ ഷിബുവിനെ കൈയേറ്റം ചെയ്യാൻ മുതിർന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന അഞ്ജന കുട്ടിയെ കാറിൽ തനിച്ചാക്കി ഷിബുവിന്‍റെ അടുത്തേക്ക് എത്തി. പ്രകോപിതനായ പൊലീസുദ്യോഗസ്ഥൻ വാഹനത്തിൽ കയറി വാഹനത്തിന്‍റെ താക്കോൽ കൈക്കലാക്കി കുട്ടിയുടെ കരച്ചിൽ പോലും കേൾക്കാതെ കാറിന്‍റെ വാതിൽ ലോക്ക് ചെയ്തു.