തിരുവനന്തപുരം:പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയാല്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ സര്‍ക്കുലര്‍ (Police circular). ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക യോഗം വിളിച്ച് ഡിവൈഎസ്പി, അസിസ്റ്റന്റ് കമ്മിഷണര്‍, എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇത് ധരിപ്പിക്കണമെന്നും എഡിജിപി ക്രൈം ചുമതലയുള്ള എംആര്‍ അജിത് കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു(Police circular To Restrict The Drugs Usage Of Kerala Police).
പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു. പല സ്ഥലങ്ങളിലും ഇതു സംഘര്‍ഷത്തിന് വരെ കാരണമാകുന്നു. സര്‍ക്കാരിന്റെയും പൊലീസ് സേനയുടെയും സല്‍പ്പേരിന് ഇത്തരം ഉദ്യോഗസ്ഥര്‍ കളങ്കം വരുത്തുന്നുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട യൂണിറ്റ് മേധാവികള്‍ കൗണ്‍സിലിങ് നൽകി ഇത്തരം ഉദ്യോഗസ്ഥരെ ശരിയായ മാര്‍ഗത്തില്‍ കൊണ്ട് വരണം. ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാര്‍ക്കും എസ്എച്ചഒമാരും ഇത്തരം മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് എത്തിക്കണം. ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിങ് നൽകുന്ന സിഇഇഡി കാര്യക്ഷമമായി നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ ലഹരി ഉപയോഗത്തിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ ഉത്തരവാദിത്തം യൂണിറ്റ് മേധാവികള്‍ക്കായിരിക്കും. ഉദ്യോഗസ്ഥരെ ലഹരി ഉപയോഗിച്ച് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ യൂണിറ്റ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു.