തിരുവനന്തപുരം: മാലമോഷണക്കേസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നാരോപിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ നട്ടെല്ലിനുള്‍പ്പെടെ ക്ഷതമേറ്റ മണക്കാട് സ്വദേശി കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്‌ച രാത്രിയോടെയാണ് മണക്കാട് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് കുമാറിനെ ബലമായി ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫോര്‍ട്ട് പൊലീസിനു ലഭിച്ച ഒരു മാലമോഷണ പരാതിയില്‍ ശ്യാമ എന്ന പേരുള്ള ഓട്ടോയില്‍ പ്രതികള്‍ രക്ഷപ്പെട്ടതായി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മണക്കാട് ഓട്ടോ സ്റ്റാന്‍ഡിലെത്തിയ പൊലീസ്, ശ്യാമ എന്നു പേരുള്ള ഓട്ടോയുടെ ഡ്രൈവറായ കുമാറിനെ ബലമായി കസ്‌റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ച കുമാറിനെ മൂന്ന് മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.