തിരുവനന്തപുരം:കിളിമാനൂരിന് സമീപം വീടിന്‍റെ മതിലിന് സമീപം മൂത്രമൊഴിക്കുന്നതിനെ എതിർത്തതിന് ഗൃഹനാഥനെ മര്‍ദിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ചങ്ങനാശേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നിവാസ്, സീനിയർ സി പി ഒ ജിബിൻ, ഡ്രൈവർ പിപി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ് പി സസ്പെൻഡ് ചെയ്‌തത്. വകുപ്പ് തല പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് കിളിമാനൂര്‍ ബിവറേജസിന് സമീപമാണ് കേസിനാസ്‌പദമായ സംഭവം. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ടെമ്പോ ട്രാവലറിലെത്തിയ സംഘം കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ മൂത്രമൊഴിച്ചു. ഇത് സമീപത്തെ വീട്ടുടമയായ രജീഷ് ചോദ്യം ചെയ്‌തു.
തുടർന്ന് പൊലീസ് സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് രജീഷ് കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നും മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ വൈകിപ്പിച്ചുവെന്നും പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ആവർത്തിച്ച് ശ്രമിച്ചെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന ശനിയാഴ്‌ച ഉച്ചയോടെ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായി കിളിമാനൂർ പൊലീസ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് അറിയിച്ചു. വീടിനു മുന്നില്‍ ഭിത്തിക്ക് സമീപം, പൊലീസ് ഉദ്യോഗസ്ഥര്‍ മൂത്രമൊഴിക്കുന്നതിനെ എതിര്‍ത്തപ്പോള്‍ തലയുടെ ഇരുവശത്തും, കൈകളിലും ഇടിച്ചുവെന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ രജീഷിനെ കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ കിടത്തി ചികിത്സ നല്‍കിയില്ലെന്നും പരാതിയിലുണ്ട്.