കവിതയില്‍ വിസ്‌മയം തീര്‍ത്ത് തമാര തിരുവനന്തപുരം: തമാരക്ക് 2023 അല്‍പം സ്‌പെഷ്യലാണ്. പലപ്പോഴായി കിട്ടിയ ഒഴിവ് സമയങ്ങളില്‍ കുത്തി കുറിച്ചിട്ട വരികള്‍ കവിത സമാഹാരമായി പുറത്തിറങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ഈ പതിനൊന്നുകാരി. സ്വന്തം കൈപ്പടയില്‍ രചിച്ച കവിതകളെ 'അണ്‍ ഡിസ്‌കവേര്‍ഡ്' എന്ന പേരിട്ടാണ് പുറത്തിറക്കുന്നത്.
മലയാള സിനിമ നിർമാതാവ് അടൂർ ഗോപാലകൃഷ്‌ണന്‍ കവിത സമാഹാരം പ്രകാശനം ചെയ്യും. ജനുവരി നാലിന് വൈകിട്ട് മസ്കറ്റ് ഹോട്ടലില്‍ വച്ചാണ് പ്രകാശനം. ഹൈദരാബാദില്‍ സ്ഥിര താമസമാക്കിയ തിരുവനന്തപുരം സ്വദേശി ജയ്‌ദീപ് കൃഷ്‌ണന്‍റെയും ലക്ഷ്‌മി നമ്പ്യാരുടെയും ഏക മകളാണ് തമാര നമ്പ്യാര്‍.
അഞ്ചാം വയസ് മുതലാണ് തമാര കവിത എഴുതി തുടങ്ങിയത്. മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദില്‍ താമസിക്കുന്ന തമാര അവധിക്കാലം ആഘോഷിക്കാന്‍ ശാസ്‌താംകോട്ടയിലെ തറവാട് വീട്ടിലെത്താറുണ്ട്. അങ്ങനെയൊരു അവധി കാലത്താണ് തമാരയിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞത്. അതിന് കാരണമായതാകട്ടെ മുത്തശ്ശിയോടുണ്ടായ ഒരു കൊച്ചു പിണക്കവും.
അവധിക്കാലത്തിനിടക്ക് മുത്തശ്ശി രാഗിണി കൃഷ്‌ണയോട് പിണങ്ങി അതിന്‍റെ ദേഷ്യത്തില്‍ മുത്തശ്ശന്‍ കുഞ്ഞി കൃഷ്‌ണന്‍റെ റൈറ്റിങ് പാഡെടുത്ത് മനസില്‍ തോന്നിയ ഏതാനും വരികള്‍ കുത്തി കുറിച്ചിട്ടു. പിണക്കം മാറിയപ്പോള്‍ തമാര തന്നെ അത് മുത്തശ്ശന് കാണിച്ച് കൊടുത്തു. ദൂരദർശന്‍റെ മുൻ അഡിഷണൽ ഡയറക്‌ടര്‍ കൂടിയായ മുത്തശ്ശന്‍ അത് കൂട്ടുകാര്‍ക്കെല്ലാം അയച്ച് കൊടുത്തു. അങ്ങനെയാണ് തമാര നമ്പ്യാര്‍ എന്ന എഴുത്തുകാരിയുടെ ജനനം. മുന്നില്‍ കാണുന്ന കാഴ്‌ചകളും പ്രിയപ്പെട്ടവരുടെ ജീവിതാനുഭവങ്ങളുമാണ് തമാരയുടെ കവിതകളായി രൂപമെടുക്കുന്നത്.
എഴുത്തിന് പുറമെ മുത്തശ്ശി വീട്ടില്‍ വരച്ചുവച്ച ചിത്രങ്ങൾ കണ്ട് ചിത്രം വരയിലും തത്പരയായിരിക്കുകയാണ് തമാര. കവിതാസമാഹാരത്തിനായി ചിത്രം വരച്ചതും തമാര തന്നെയാണ്. ചെറു കവിത സമാഹാരം പുറത്തിറങ്ങാനിരിക്കെ പുതിയ നോവലിന്‍റെ പണിപ്പുരയിലാണിപ്പോള്‍ തമാര.