തിരുവനന്തപുരം: മലയാള സിനിമ ഗാനങ്ങളുടെ കൂട്ടത്തില്‍ എക്കാലവും മികച്ചുനില്‍ക്കുന്ന ഒരുപിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 75 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊവിഡിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കടുത്ത ശ്വാസതടസ്സത്തേയും തുടർന്ന് വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
1200ൽ അധികം ഗാനങ്ങളുടെ രചയിതാവ്
മലയാളത്തിലെ എക്കാലത്തെ ഹിറ്റുകളായ ഗാനങ്ങളിലൂടെ ജനമനസ്സിൽ ഇടം പിടിച്ച ഗാന രചിയിതാവാണ് പൂവച്ചൽ ഖാദർ. 400 ലധികം സിനിമകൾക്കായി 1200 ഗാനങ്ങൾക്ക് അദ്ദേഹം വരികളെഴുതി. സ്കൂൾ പഠന കാലം മുതൽ കവിതകൾ എഴുതിയിരുന്ന പൂവച്ചൽ ഖാദർ 1973 ൽ കവിത എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ഗാന രംഗത്തേക്ക് എത്തുന്നത്. കാറ്റ് വിതച്ചവൻ എന്ന ചിത്രത്തിലെ നീ എൻ്റെ പ്രാർത്ഥന കേട്ടു ,മഴവില്ലിനജ്ഞാത വാസം തുടങ്ങിയ ഗാനങ്ങളിലൂടെ വരവറിയിച്ചു. പിന്നീട് ആ തൂലിക തുമ്പിൽ നിന്ന് പിറന്നു വീണത് മലയാളിയും മലയാളവും ഉള്ളിടത്തോളം മറക്കാത്ത സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്.