തിരുവനന്തപുരം: 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടു. വിചാരണ ഘട്ടങ്ങളിൽ പ്രതിക്കെതിരെ ആരോപിക്കുന്ന ഒരു കുറ്റങ്ങളും തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന കാരണത്താലാണ് പ്രതിയെ വെറുതെ വിടുന്നത് എന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്.
2021 നവംബർ 21 നാണ് സംഭവം. കുട്ടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയുടെ വീട്ടിൽ വച്ച് രണ്ട് പ്രാവശ്യം പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്നു എന്ന് പറയുന്ന സംഭവം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പറയുന്നത്. കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് മാറാൻ ആവശ്യപ്പെട്ടതിന് ശേഷം കുട്ടിയും കുടുംബവും കുട്ടിയുടെ അപ്പുപ്പന്‍റെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
ഇവിടെ വച്ചായിരുന്നു കൊച്ചു ടി വി കണ്ടു കൊണ്ടിരുന്ന കുട്ടിയെ അമ്മാവനായ പ്രതി പീഡിപ്പിച്ചത് എന്നായിരുന്നു പൊലീസ് കേസ്. എന്നാൽ ആരോപണം തെളിയിക്കുവാൻ കഴിയുന്ന ഒരു തെളിവ് പോലും വിചാരണ വേളയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയും കുടുംബവും താമസിക്കുന്ന അമ്മയുടെ വീട് തട്ടിയെടുക്കുവാനായി നൽകിയ കള്ള പരാതി എന്നായിരുന്നു പ്രതിയുടെ അഭിഭാഷകനായ എസ്.എം. നൗഫിയുടെ വാദം.
മാത്രവുമല്ല കേസിൽ ഒന്നാം സാക്ഷി അടക്കമുള്ള സാക്ഷികൾ കൂറുമാറിയില്ല എന്നതും ശ്രദ്ധേയമാണ് എന്നും പ്രതിഭാഗം വാദിച്ചു. കേസിൽ 22 സാക്ഷികളെയും, 22 രേഖകളും വിചാരണ സമയത്ത് പ്രോസിക്യൂഷൻ ഹാജരാക്കി.