തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പോക്സോ നിയമം അനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. വഞ്ചിയൂർ സ്വദേശിയായ പൊതുപ്രവർത്തകൻ പായ്‌ചിറ നവാസ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസിനാണ് പരാതി നൽകിയത്. മോൺസൺ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ കെ സുധാകരന്‍റെ അറിവോടെയാണ് പെൺകുട്ടിക്കെതിരെ പീഡനം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പോക്‌സോ കേസിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും എം വി ഗോവിന്ദൻ മനഃപൂർവ്വം മറച്ചുവച്ചു എന്ന് ആരോപിച്ചാണ് പരാതി. ഓഗസ്‌റ്റ് മൂന്നിന് രാവിലെയാണ് പരാതി കന്‍റോണ്‍മെന്‍റ് എസ്എച്ച്‌ഒക്ക് ഇയാൾ കൈമാറിയത്. എം വി ഗോവിന്ദന്‍റെ വാർത്താസമ്മേളനം നടന്ന കേസരി ഹാൾ വഞ്ചിയൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാൽ പരാതി വഞ്ചിയൂര്‍ എസ്എച്ച്ഒക്ക് കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിന് ശേഷം നടപടി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ 2012 പോക്സോ ആക്‌ടിലെ വകുപ്പ് 21(എ) പ്രകാരം കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. 2012 പോക്സോ ആക്‌ടിലെ വകുപ്പ് 19(1) അല്ലെങ്കിൽ വകുപ്പ് 20 പ്രകാരമുള്ള ഏതെങ്കിലും കുറ്റം ഒരു വ്യക്തി ചെയ്‌തതായി വിവരം ലഭിച്ചാൽ പ്രസ്‌തുത വിവരം ലോക്കൽ പൊലീസ് അധികാരികളെയോ, സ്പെഷ്യൽ ജുവനയിൽ പൊലീസ് യൂണിറ്റിലോ, അല്ലെങ്കിൽ മറ്റ് അധികാര സ്ഥാപനങ്ങളിലോ നിർബന്ധമായും അറിയിക്കണം എന്നാണ് പോക്സോ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതെന്നും പരാതിയിൽ സൂചനയുണ്ട്. സംഭവത്തിൽ പരാതി വ്യക്തമായി പഠിച്ചതിനുശേഷം നടപടികളിലേക്ക് കടക്കുമെന്ന് വഞ്ചിയൂർ എസ്എച്ച്ഒ ഗിരിലാൽ ഇടിവി ഭാരതിനോട് പറഞ്ഞു. പരാതിയുടെ നിയമസാധ്യത പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വഞ്ചിയൂർ എസ്എച്ച്ഒ തന്നെ അറിയിച്ചതായി പരാതിക്കാരൻ പായ്ച്ചിറ നവാസും പ്രതികരിച്ചു.