തിരുവനന്തപുരം : വന്ദേ ഭാരതിന്‍റെ ഫ്‌ളാഗ് ഓഫിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 4 റെയില്‍വേ വികസന പദ്ധതികളുടെ പ്രഖ്യാപനവും തറക്കല്ലിടലും നടത്തും. 1900 കോടി രൂപയുടെ റെയില്‍വേ വികസന പദ്ധതികളാകും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുക. രണ്ട് പദ്ധതികളുടെ പ്രഖ്യാപനവും മൂന്ന് പദ്ധതികളുടെ തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദ്ഘാടനത്തിന് പുറമെയാണിത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാകും പ്രധാനമന്ത്രി റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുക.
ഇന്ന് പ്രഖ്യാപിക്കുന്ന റെയില്‍വേ വികസന പദ്ധതികള്‍ :
- പാലക്കാട്-പളനി-ഡിണ്ടിഗല്‍ റെയില്‍പാതയുടെ വൈദ്യുതീകരണം. 179 കിലോമീറ്റര്‍ ദൂരത്തിലുള്ള റെയില്‍വേ ട്രാക്കുകളാണ് വൈദ്യുതവത്കരിക്കുന്നത്. 242 കോടി രൂപ ചെലവിട്ടാണ് പാലക്കാട്-പളനി-ഡിണ്ടിഗല്‍ റെയില്‍പാത നവീകരിക്കുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ റെയില്‍പാതയില്‍ മെമു ട്രെയിനുകളെ വിന്യസിക്കാനാവുകയും ഈ മാര്‍ഗമുള്ള റെയില്‍വേ ട്രാഫിക്ക് പൂര്‍ണമായി വൈദ്യുതവത്കരിക്കാനും സാധിക്കും.
- തിരുവനന്തപുരം, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതികളുടെ തറക്കല്ലിടല്‍. 1140 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം ജില്ലയിലെ ഈ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതി. വിമാനത്താവളങ്ങളുടെ മാതൃകയില്‍ ഈ റെയില്‍വേ സ്റ്റേഷനുകളെ നവീകരിക്കുകയാണ് ലക്ഷ്യം. മള്‍ട്ടി ലെവല്‍ വാഹന പാര്‍ക്കിങ് സൗകര്യം, മള്‍ട്ടി മോഡല്‍ കണക്‌ടിവിറ്റി എന്നിങ്ങനെ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണിത്.
- തിരുവനന്തപുരം മേഖലയുടെ റെയില്‍വേ വികസന പദ്ധതിയുടെ തറക്കല്ലിടല്‍ - 156 കോടി രൂപയുടെ പദ്ധതിയാണിത്. കൊച്ചുവേളി സാറ്റലൈറ്റ് ടെര്‍മിനലിന്‍റെ വികസനം, നേമത്ത് പുതിയ ടെര്‍മിനല്‍ എന്നിങ്ങനെ സമഗ്രമായ റെയില്‍വേ വികസന പദ്ധതിയാണിത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ തലസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകും. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും ഇത് സഹായകരമാകും. പുതുതായി വരുന്ന നേമം ടെര്‍മിനലില്‍ നിന്ന് നാഗര്‍കോവില്‍/ മധുരൈ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്താനാകും. കൂടാതെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ അധികമായി ഒരു പ്ലാറ്റ്‌ഫോമും റെയില്‍ട്രാക്കും ഉള്‍പ്പെടുത്തുന്നതാണ് പദ്ധതി.
- തിരുവനന്തപുരം - ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ തറക്കല്ലിടല്‍. 381 കോടി രൂപയുടെ പദ്ധതിയാണിത്. 326.83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടിലെ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ഈ പദ്ധതി സഹായകരമാകും. ഇതോടെ തിരുവനന്തപുരം - ഷൊര്‍ണൂര്‍ സെക്ഷനിലെ സര്‍വീസുകളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.