ന്യൂഡൽഹി:തുടർച്ചയായി രണ്ടാം തവണയും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന പിണറായി വിജയന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. "മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും ഭരണത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ," എന്നാണ് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്.
ഇന്ന് സംസ്ഥാന തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൽഡിഎഫിലേക്കും യുഡിഎഫിലേക്കും ഓരോ അഞ്ച് വർഷവും മാറി മാറി വന്ന ഭരണത്തിൽ നിന്നും വ്യത്യസ്‌തമായി ചരിത്രം കുറിച്ചാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. നാല് പതിറ്റാണ്ടുകൾക്ക് ശേഷം തുടർഭരണം സ്വന്തമാക്കിയ എൽഡിഎഫ് 99 സീറ്റുകളാണ് തൂത്തുവാരിയത്.