തിരുവനന്തപുരം : റോസ്‌ഗർ മേളയിലൂടെ 1,040 പേർക്ക് നിയമന ഉത്തരവ് വിതരണം ചെയ്‌തു. രാജ്യവ്യാപകമായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് ഉദ്യോഗാർഥികളെ അഭിസംബോധന ചെയ്‌തത്. തിരുവനന്തപുരം റെയിൽ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിലെ ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്‌തു.
ചടങ്ങിൽ 210 ഉദ്യോഗാർഥികൾക്ക് ഉത്തരവ് നേരിട്ട് കൈമാറി. 830 പേർ ഓൺലൈനായാണ് നിയമന ഉത്തരവ് കൈപ്പറ്റിയത്. വി എസ് എസ് സി, റെയിൽവേ, കൊച്ചിൻ ഷിപ്‌യാർഡ്, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, കേരള ഗ്രാമീൺ ബാങ്ക്, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി, ഇന്ത്യൻ പോസ്റ്റൽ സർവീസ്, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് നിയമനം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് 10 ലക്ഷം തൊഴിലവസരങ്ങൾ കൈമാറും എന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ ഭാഗമാണ് നിയമന കത്തുകളുടെ വിതരണം.