തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികളിൽ സ്‌കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിച്ചവരിൽ അർഹരായവർക്ക് ഇന്ന് രാവിലെ 10 മണി മുതൽ അലോട്ട്‌മെന്‍റ് ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടാം. സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് റിസൾട്ട് ഇന്ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിച്ചു.
രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം മാനേജ്മെന്‍റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താത്‌കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിലാണ് ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് അവസരം ഉണ്ടായിരുന്നത്. ഇത്തരത്തിൽ ആകെ 50464 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 49800 അപേക്ഷകളാണ് ട്രാൻസ്‌ഫർ അലോട്ട്‌മെന്‍റിനായി പരിഗണിച്ചിട്ടുള്ളത്.
hscasp.kerala.gov.inഎന്ന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിലെ ട്രാൻസ്‌ഫർ അലോട്ട് റിസൾട്ട് എന്ന ലിങ്കിലൂടെ റിസൾട്ട് അറിയാം. റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂളിലെ പ്രിൻസിപ്പൽമാർ ചെയ്‌തു കൊടുക്കണം എന്നും ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് ലെറ്റർ എടുത്ത് നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾ അഡ്‌മിഷൻ സമയത്ത് അടച്ച പിടിഎ ഫണ്ട് കോഷൻ ഡെപ്പോസിറ്റ് എന്നിവയും വിദ്യാർഥികൾക്ക് മടക്കി നൽകണം.