തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും.അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് ജൂലൈ 13ന് രാവിലെ 10 മണി മുതൽ ജൂലൈ 14 വൈകുന്നേരം നാല് മണി വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം.
അലോട്ട്‌മെന്‍റ് അറിയുന്നതിനായി: www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചതിനുശേഷം Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം Candidate Login-SWS ലൂടെ ലോഗിൻ ചെയ്‌ത് Supplementary Allot Results എന്ന ഭാഗത്ത് റിസൾട്ട് ലഭ്യമാവും. അലോട്ട്മെന്‍റ് ലഭിച്ചാൽ വിദ്യാര്‍ഥികള്‍ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ ഹാജരാവണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റർ അലോട്ട്മെന്‍റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്‍റെടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അതേസമയം അലോട്ട്മെന്‍റ് ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.
സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കൂടുതല്‍ വിവരങ്ങള്‍:സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി 45394 ഒഴിവുകളാണുള്ളത്. സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിലേക്കായി 68739 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 67596 അപേക്ഷകളാണ് അലോട്ട്മെന്‍റായി പരിഗണിച്ചത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റായി അപേക്ഷിച്ചതിന് ശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 194 അപേക്ഷകരെയും ഒപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹത ഇല്ലാത്തതുമായ 949 അപേക്ഷകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിച്ചിട്ടില്ല. സംവരണ തത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്‍റിന് പരിഗണിച്ചിട്ടുള്ളത്.