തിരുവനന്തപുരം: സംസ്ഥാനത്ത് 2023 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ 19നകം സ്‌കൂൾ പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമുകൾ അതാത് സ്‌കൂൾ പോർട്ടലിൽ ലഭ്യമാണ്. പുനർ മൂല്യ നിർണയം - 500 രൂപ, സൂക്ഷ്‌മ പരിശോധന -100 രൂപ, ഉത്തര കടലാസിന്‍റെ ഫോട്ടോകോപ്പി - 300 രൂപ എന്നിങ്ങനെയാണ് ഫീസ് ഘടന.
എന്നാൽ അൺഎയ്‌ഡഡ് സെക്കൻഡറി സ്‌കൂളുകളിൽ നിന്നും പുനർ മൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സൂക്ഷ്‌മ പരിശോധന എന്നിവയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർഥികളുടെ ഫീസ് മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ ട്രഷറികളിൽ അടക്കേണ്ടതാണ്. റീഫണ്ടിന് അർഹരായ അൺ എയ്‌ഡഡ് സ്‌കൂൾ വിദ്യാർഥികളുടെ അപേക്ഷ ചലാൻ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം പ്രിൻസിപ്പൽമാർ മുഖേന ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിലേയ്ക്ക് അയക്കണം.
അപേക്ഷകൾ പ്രിൻസിപ്പൽമാർ 21/06/23 നുള്ളിൽ i-Exam പോർട്ടൽ മുഖേന അപ്‌ലോഡ് ചെയ്യണം. യാതൊരു കാരണവശാലും ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർഥികളുടെ അപേക്ഷാ ഫീസ്, ഡിമാന്‍റ് ഡ്രാഫ്റ്റ് (Drawn in Anour of Joint Director. Examinations (Higher Secondary Wing). Directorate of General Education. Thiruvananthapuram) മുഖേന അതാതു സ്‌കൂൾ പ്രിൻസിപ്പൽമാർ ജൂൺ 19 നുള്ളിൽ ഡയറക്‌ടറേറ്റിൽ സമർപ്പിക്കേണ്ടതാണ്.