തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്ക് ചോദ്യ പേപ്പര്‍ ചുവന്ന മഷിയില്‍ അച്ചടിച്ചത് വിവാദമായി. ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിഭാഗത്തിലെ പാർട്ട് 2 ഭാഷ പരീക്ഷ ചോദ്യ പേപ്പറിലാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തിയുള്ള മാറ്റം വരുത്തിയത്. പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യ പേപ്പറുകളിലാണ് ചുവപ്പ് നിറത്തിൽ ചോദ്യങ്ങൾ അച്ചടിച്ചത്. വര്‍ഷങ്ങളായി പൊതു പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ കറുത്ത മഷിയിലാണ് അച്ചടിക്കാറുള്ളത്.
ചുവപ്പ് ചോദ്യ പേപ്പറിനെതിരെ അധ്യാപക സംഘടന:ചുവപ്പ് മഷിയില്‍ അച്ചടിച്ച് ലഭിച്ചിട്ടുള്ള ചോദ്യ പേപ്പര്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായെന്നാണ് അധ്യാപക സംഘടന പറയുന്നത്. ഫ്ലൂറൽ റിഫ്ലക്ഷൻ സൃഷ്‌ടിക്കുന്ന ചോദ്യ പേപ്പറുകൾ വിദ്യാര്‍ഥികളുടെ കണ്ണുകള്‍ക്ക് പ്രശ്‌നമുണ്ടാക്കും. അധ്യാപക സംഘടനകളോട് പോലും ആലോചിക്കാതെയാണ് ഈ മാറ്റമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പരീക്ഷ സമ്പ്രദായത്തെ താളം തെറ്റിച്ച വിദ്യാഭ്യാസ മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും KPSTA സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ പോലും ചോദ്യ പേപ്പറിലെ നിറം മാറ്റത്തെ കുറിച്ച് സൂചന പോലും നല്‍കിയിരുന്നില്ല. പരീക്ഷ ഹാളില്‍ ചോദ്യ പേപ്പര്‍ പൊട്ടിക്കുമ്പോഴാണ് അധ്യാപകര്‍ പോലും ഇക്കാര്യം അറിയുന്നത്. ഇരുട്ട് കൂടുതലുള്ള ക്ലാസ്‌മുറികളില്‍ പരീക്ഷയ്‌ക്ക് ഇരുന്ന വിദ്യാര്‍ഥികള്‍ക്ക് ചോദ്യ പേപ്പര്‍ വായിക്കാന്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടു. വായിക്കാനാകാത്ത അവ്യക്തമായ രീതിയിലാണ് ചോദ്യ പേപ്പറിലെ അച്ചടിയെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞതായും അധ്യാപകർ അറിയിച്ചു.