തിരുവനന്തപുരം :സപ്ലിമെന്‍ററി അലോട്ട്മെന്‍റുകള്‍ക്കൊപ്പം താലൂക്ക് അടിസ്ഥാനത്തില്‍ അഡ്‌മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും സീറ്റ് കുറവും പരിശോധിച്ച് കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ സീറ്റ് ലഭ്യതയെ സംബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങളും സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ അഡ്‌മിഷന്‍റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളും പൂർത്തിയാക്കി ജൂലൈ അഞ്ചിനാണ് സംസ്ഥാനത്ത് ക്ലാസുകൾ ആരംഭിക്കുന്നത്.
ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. പ്ലസ് വൺ സീറ്റ് സംബന്ധിച്ച് അനാവശ്യ സമരങ്ങൾ ഒഴിവാക്കുന്നതായിരിക്കും ഗുണകരമെന്നും മന്ത്രി പറഞ്ഞു. സപ്ലിമെന്‍ററി അലോട്ട്‌മെന്‍റും സ്‌കൂൾ-കോമ്പിനേഷൻ മാറ്റങ്ങളും തുടർന്നുണ്ടാവുമെങ്കിലും കൂടുതൽ വിദ്യാർഥികളും ഇപ്പോൾ ലഭിച്ച അഡ്‌മിഷനിൽ തുടർന്ന് പഠിക്കുന്നവരാകുമെന്നതിനാൽ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ല. 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയർ സെക്കന്‍ഡറിയിൽ പഠിക്കുന്നതിന് അവസരമുള്ളത്.
എന്‍ എസ് ക്യൂ എഫ് (NSQF) പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ കോഴ്‌സുകള്‍ വന്നിട്ടുണ്ട്. പത്താം ക്ലാസ് വരെ എല്ലാ വിദ്യാർഥികളും ഒരേ വിഷയങ്ങൾ പഠിച്ച് വരുന്നതിൽ നിന്ന് വ്യത്യസ്‌തമാണ് ഹയർസെക്കന്‍ഡറിയിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെയും പഠനം. മുൻകൂട്ടി തീരുമാനിച്ച പ്രകാരം ക്ലാസ് തുടങ്ങാനാവുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ഇതുമൂലം ലഭിക്കും, മന്ത്രി പറഞ്ഞു.
പ്ലസ് വൺ ക്ലാസുകളിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഹയർസെക്കൻഡറി വകുപ്പ് :പ്ലസ് വൺ ക്ലാസ് തുടങ്ങുമ്പോൾ ഓരോ സ്‌കൂളിലും പ്രവേശനം നേടിയ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന തരത്തിൽ ഒരു പൊതുമീറ്റിങ് നടത്തണം. സ്‌കൂൾ വിഭാഗത്തിലെ ക്ലാസുകളെ ബാധിക്കാത്ത തരത്തിൽ അസംബ്ലി ഹാളിൽ പ്ലസ് വണ്‍ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇരുത്തിയശേഷം പ്രിൻസിപ്പൽ, പി.ടി.എ.പ്രസിഡന്‍റ്, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ആമുഖ വിശദീകരണം നൽകണം.