തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന സാധ്യത വ്യക്തമാക്കുന്ന ട്രയൽ അലോട്ട്മെന്‍റ് കാലാവധി ഇന്ന് വൈകുന്നേരം 5 മണി വരെ. നേരത്തെ നൽകിയ അപേക്ഷകളിലെ തെറ്റുകൾ തിരുത്താനുള്ള അവസരം കൂടിയാണിത്. തിരുത്തലുകൾ കഴിഞ്ഞ് ജൂൺ 19 ന് ആണ് ഒന്നാം അലോട്ട്മെന്‍റ്. തെറ്റായ വിവരങ്ങൾ നല്‍കുന്നവരുടെ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും.
4,59,119 അപേക്ഷകളാണ് ഇത്തവണ പ്ലസ് വണ്ണിന് ലഭിച്ചത്. ഇവരിൽ 2,38,879 പേരാണ് ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റിൽ ഉൾപ്പെട്ടത്. മെറിറ്റ് അടിസ്ഥാനത്തിൽ ആകെ 3,02,3530 സീറ്റുകളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്.
ഇവയിൽ 63,474 സീറ്റുകൾ സംവരണ സീറ്റുകൾ ആണ്. ഇവ ഒഴിവാക്കിയാണ് ട്രയൽ അലോട്ട്മെന്‍റ് പ്രഖ്യാപിച്ചത്. പട്ടികജാതി/പട്ടികവർഗം, ഒബിസി, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്‌തിരിക്കുന്ന ഈ സീറ്റുകൾ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റിലാകും അനുവദിക്കുക.
http://www.admission.dge.kerala.gov.in/ എന്ന വെബ്സൈറ്റിൽ click for higher secondary admission എന്ന ലിങ്കിലൂടെ റിസൾട്ട് അറിയാം. Edit Application എന്ന ലിങ്ക് വഴി അപേക്ഷ എഡിറ്റ് ചെയ്യാം.
ട്രയൽ അലോട്ട്മെന്‍റ് പ്രവേശന സാധ്യത മനസിലാക്കിയ ശേഷം, അപേക്ഷ നൽകുമ്പോൾ ചേർത്ത വിഷയ ഓപ്ഷനുകൾ മാറ്റാനും പുതിയവ നൽകുകയും ചെയ്യാം. അതേസമയം എസ്എസ്എൽസി പരീക്ഷയുടെ രജിസ്റ്റർ നമ്പർ, പഠിച്ച സ്‌കീം, മൊബൈൽ നമ്പർ, ജനന തിയതി എന്നിവ തിരുത്താൻ സാധിക്കില്ല.
ആകെ 3 അലോട്ട്മെന്‍റുകൾ: ആകെ മൂന്ന് അലോട്ട്മെന്‍റുകളാണ് ഉള്ളത്. ആദ്യ അലോട്മെന്‍റ് ജൂൺ 19 നാണ്. മൂന്നാം അലോട്ട്മെന്‍റ് ജൂലൈ ഒന്നിന്.
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ (Supplementary Allotment) ശേഷിക്കുന്ന ഒഴിവുകൾ നികത്തി ഓഗസ്‌റ്റ് നാലോടെ പ്രവേശന നടപടികൾ അവസാനിപ്പിക്കും.
സ്പോർട്‌സ് ക്വാട്ടയിലേക്ക് അപേക്ഷ 15 വരെ: മെറിറ്റ് ക്വാട്ടയിൽ ഏക ജാലക സംവിധാനത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും മുഖ്യഘട്ട അലോട്ട്മെന്‍റിൽ അപേക്ഷിക്കണം. ജൂൺ 19നാണ് ഈ ക്വോട്ടയിലെ ആദ്യ അലോട്ട്മെന്‍റ്. സപ്ലിമെന്‍ററി ഘട്ടത്തിൽ സ്പോർട്‌സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനുമായി ജൂലൈ മൂന്നിനും നാലിനും അവസരമുണ്ട്. ജൂലൈ 6 നാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ്. ജൂലൈ 7 ആണ് സ്പോർട്‌സ് ക്വാട്ടയിലെ അവസാന പ്രവേശന ദിവസം. അതിനുശേഷം ഉള്ള ഒഴിവുകൾ പൊതുമെറിറ്റ് സീറ്റായി മാറും.
പ്ലസ് വൺ ട്രയൽ അലോട്മെന്‍റ് ജില്ല തിരിച്ച കണക്ക്:
ജില്ല, ആകെ അപേക്ഷകർ, ആകെ മെറിറ്റ് സീറ്റ്, അലോട്ട്‌മെന്‍റ് നടത്തിയ സീറ്റുകൾ, സംവരണ സീറ്റുകൾ എന്നീ ക്രമത്തിൽ
തിരുവനന്തപുരം: 34383- 26275- 22400- 3875
കൊല്ലം: 32894- 22511- 19411- 3100
പത്തനംതിട്ട: 13986- 9913- 8116- 1797
ആലപ്പുഴ: 25548- 15742- 12849- 2893
കോട്ടയം: 22855- 13694- 11188- 2506
ഇടുക്കി: 12648- 7749- 6356- 1393
എറണാകുളം: 37450- 24288- 19895- 4393
തൃശൂർ: 38918- 26221- 21488- 4733
പാലക്കാട്: 44140- 26983- 22129- 4854
കോഴിക്കോട്: 47078- 30566- 23217- 7349
മലപ്പുറം: 80903- 47509- 34679- 12830
വയനാട്: 12013- 8708- 6962- 1746
കണ്ണൂർ: 36907- 28076- 19985- 8091
കാസർകോട്: 19396- 14118- 10204- 3914