തിരുവനന്തപുരം:ഹയർ സെക്കന്‍ഡറി ഒന്നാംവർഷ പ്രവേശന നടപടികൾ അവസാനഘട്ടത്തിലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വൈകി പ്രവേശനം നേടിയവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ 4,11,157 വിദ്യാർഥികൾ പ്രവേശനം നേടിയെന്നും ഇനിയും അഡ്‌മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അഡ്‌മിഷനിലൂടെ പ്രവേശനം നൽകുമെന്നും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
അലോട്ട്‌മെന്‍റുകളിലൂടെ 3,84,538 പേർ ഹയർ സെക്കന്‍ഡറിയിലും 26,619 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയിലും പ്രവേശിച്ചു. മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമുള്ള ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് റിസൾട്ട് പ്രഖ്യാപിച്ച് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ വഴി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ഒരുങ്ങുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമുള്ള ട്രാൻസ്‌ഫറിനുള്ള അലോട്ട്മെന്‍റ് റിസൾട്ട് ഓഗസ്‌റ്റ് 16ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തീയതികളിലായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തുടർന്ന് ട്രാൻസ്‌ഫറിന് ശേഷമുള്ള ഒഴിവുകൾ ഓഗസ്‌റ്റ് 19 ന് പ്രസിദ്ധീകരിച്ച് ഒഴിവുകളിലേക്ക് അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് സ്പോട്ട് അഡ്‌മിഷന് പരിഗണിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. സ്പോട്ട് അഡ്‌മിഷനോട് കൂടി ഈ വർഷത്തെ പ്രവേശന നടപടികൾ ഓഗസ്‌റ്റ് 21 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. വൈകി പ്രവേശനം നേടിയവർക്ക് നഷ്‌ടമായ പാഠഭാഗങ്ങൾ ഓഗസ്‌റ്റ് 21ന് ശേഷം വൈകുന്നേരങ്ങളിലും ശനിയാഴ്‌ചകളിലും പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ച് നൽകുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.