കേരളം

kerala

ETV Bharat / state

Cabinet Meeting | ഇന്ന് മന്ത്രിസഭായോഗം ; പ്ലസ് വണ്‍ അധിക സീറ്റ് അടക്കം പരിഗണനയില്‍

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

Cabinet meeting  Plus one additional seat  Plus one seat crisis  cabinet  പ്ലസ് വണ്‍  പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി  പ്ലസ് വണ്‍ അധിക സീറ്റ്  മന്ത്രിസഭായോഗം
Cabinet Meeting

By

Published : Jul 26, 2023, 10:01 AM IST

Updated : Jul 26, 2023, 10:15 AM IST

തിരുവനന്തപുരം :പ്ലസ് വണ്‍ അധിക സീറ്റ് അടക്കമുള്ള വിഷയങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. 97 അധിക ബാച്ചുകള്‍ക്കായി കഴിഞ്ഞ ഞായറാഴ്‌ച വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നൽകിയിരുന്നു. ഇതിന് പുറകെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 5000 സീറ്റുകള്‍ കൂടി വേണമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. ഏതൊക്കെ ജില്ലകളില്‍ അധിക ബാച്ച് അനുവദിക്കുമെന്ന് ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. നിലവില്‍ മലപ്പുറം അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായപ്പോൾ 6,791 പേര്‍ക്കായിരുന്നു പ്രവേശനം ലഭിച്ചത്.

24,218 അപേക്ഷകള്‍ ലഭിച്ചതില്‍ 19,340 സീറ്റുകളിലേക്കായിരുന്നു രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് നടന്നത്. എന്നാല്‍ 6,791 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. 12,549 പ്ലസ് വണ്‍ സീറ്റുകളാണ് ഇനിയും അവശേഷിക്കുന്നത്. സീറ്റ് ഒഴിവുള്ള സ്‌കൂളുകളിലേക്ക് അപേക്ഷകര്‍ കുറവായത് കൊണ്ടാണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

മലപ്പുറം ജില്ലയില്‍ മാത്രം 1,392 സീറ്റുകളിലേക്ക് 9,707 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതിൽ 1369 പേര്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്‌തിരുന്നു. 23 സീറ്റുകള്‍ മാത്രമാണ് മലപ്പുറത്ത് ഒഴിവുള്ളത്. അതേസമയം, കോഴിക്കോട് 3,206 അപേക്ഷകരില്‍ 989 പേര്‍ക്കും പാലക്കാട് 3,908 അപേക്ഷകരില്‍ 820 പേര്‍ക്കും മാത്രമാണ് പ്രവേശനം ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പ്രതിസന്ധി നിലനിൽക്കുന്നത്.

കണക്കുനിരത്തി മലബാര്‍ എജ്യുക്കേഷണല്‍ മൂവ്‌മെന്‍റ് : അധിക ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ മലപ്പുറം ജില്ലയെ പ്രത്യേകമായി പരിഗണിക്കും എന്നാണ് സൂചന. മലബാറിലെ 29,000 ത്തിനടുത്ത് കുട്ടികള്‍ പ്രവേശനം കാത്തിരിക്കുന്നവരാണെന്നും അതില്‍ പകുതിയോളം പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കണക്കുകള്‍ പുറത്തുവന്നിരുന്നു. മലബാര്‍ എജ്യുക്കേഷണല്‍ മൂവ്‌മെന്‍റ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിൽ കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും 50,398 അപേക്ഷകള്‍ ലഭിച്ചിരുന്നു. എന്നാല്‍ 21,762 കുട്ടികളാണ് പ്രവേശനം നേടിയത്. ഇതില്‍ മലബാറില്‍ മാത്രം 28,636 കുട്ടികള്‍ക്ക് പ്രവേശനം നേടാന്‍ കഴിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലെ 13,654 കുട്ടികള്‍ സീറ്റിനായി കാത്തുനിൽക്കുകയാണെന്നും കണക്കുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാനേജ്‌മെന്‍റ്, അണ്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കിലും വന്‍ തുക മുടക്കി വേണം അവിടെ പഠനം നടത്താനെന്നും സൂചിപ്പിച്ചിരുന്നു.

പ്രവേശനം ലഭിക്കാത്തവര്‍ക്ക് അവസാന ആശ്രയം ഓപ്പണ്‍ സ്‌കൂള്‍ സംവിധാനമാണ്. കഴിഞ്ഞ വര്‍ഷം മാത്രം മലബാറില്‍ നിന്ന് 38,726 പേരാണ് ഓപ്പണ്‍ സ്‌കൂളില്‍ അഡ്‌മിഷന്‍ നേടിയത്. ഇതില്‍ 16,000 ത്തോളം പേര്‍ മലപ്പുറത്ത് നിന്നുള്ളവരായിരുന്നുവെന്നും എജ്യുക്കേഷണല്‍ മൂവ്‌മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.

Last Updated : Jul 26, 2023, 10:15 AM IST

ABOUT THE AUTHOR

...view details