തിരുവനന്തപുരം :സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ സമ്പൂർണ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സ്‌കൂൾ തുറക്കുന്നതും പുതിയ അധ്യയന വര്‍ഷവും സംബന്ധിച്ച് നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. രാവിലെ 10:30ന് തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം ചേരുന്നത്.
യോഗത്തിലെ ചർച്ച വിഷയങ്ങൾ : സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രവേശനോത്സവം, എസ്എസ്എൽസി-പ്ലസ് ടു ഫലങ്ങൾ, പ്ലസ് ടു പ്രവേശനം, സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്‌കൂൾ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പച്ചക്കറിത്തോട്ടം, ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതി, പാഠപുസ്‌തക-യൂണിഫോം വിതരണം, കുടിവെള്ള ടാങ്കുകൾ-കിണറുകൾ എന്നിവയുടെ ശുചീകരണം, സ്‌കൂൾ ഫർണിച്ചർ മെയിന്‍റനൻസ്, സ്‌കൂൾ പിടിഎയുടെ ജില്ലാതല യോഗം, ലഹരി വിമുക്ത സ്‌കൂൾ ക്യാമ്പസ്, പ്രീ പ്രൈമറി ക്ലാസുകൾ, അവധിക്കാല രക്ഷാകർതൃ സംഗമം, സ്‌കൂൾ ക്യാമ്പസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച വിഷയം, സ്‌കൂൾ കുട്ടികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച വിഷയം, അക്കാദമിക് മികവ് ഉയർത്താനുള്ള പദ്ധതികൾ, ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച വിഷയമാകും.
പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്‌ടർ, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആർ ഡി ഡി തലം വരെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മധ്യവേനലവധി കഴിഞ്ഞ് ജൂൺ ഒന്നിനാണ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുക. ഇതിന് മുന്നോടിയായി സ്‌കൂൾ തുറക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്.