വിഎസിനെ ഓര്‍ത്തെടുത്ത് പിരപ്പന്‍കോട് മുരളി തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്‌റ്റുകാരില്‍ ലോക കമ്മ്യൂണിസ്‌റ്റ് നേതാക്കന്മാരുടെ പാരമ്പര്യത്തിലുള്ള ഏക മനുഷ്യനാണ് വിഎസ് അച്യുതാനന്ദനെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ് നേതാവും വിഎസിന്‍റെ സന്തത സഹചാരിയുമായിരുന്ന മുന്‍ എംഎല്‍എ പിരപ്പന്‍കോട് മുരളി. വലിയ കുടുംബത്തില്‍ ജനിക്കാത്തവര്‍ക്കും അധികാരമില്ലാത്തവര്‍ക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ കഴിയാത്ത കാലത്താണ് അദ്ദേഹം പൊതുരംഗത്തേക്ക് വരുന്നത്. എല്ലാ മാമൂലുകളെയും ലംഘിച്ചാണ് വിഎസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു.
കേരളത്തില്‍ ജനിച്ചുവെന്ന പരിമിതിക്കപ്പുറം സാര്‍വദേശീയ കമ്മ്യൂണിസ്‌റ്റ് നേതാവായ ഫിദല്‍ കാസ്‌ട്രോക്ക് സമാദരണീയനാണ് അദ്ദേഹം. അതുകൊണ്ടാണ് സീതാറാം യെച്ചൂരി അദ്ദേഹത്തെ കേരള കാസ്‌ട്രോ എന്ന് വിശേഷിപ്പിച്ചത്. എന്ത് അനീതി അറിഞ്ഞാലും ഓടിയെത്തുന്നതാണ് വിഎസിന്‍റെ രീതിയെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളിലെ വിഎസ്:കോവളം കടപ്പുറം കയ്യേറിയതായി ആരോ പറഞ്ഞറിഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ നേരിട്ട് അങ്ങോട്ട് വിഎസ് പോയി എന്നും വിഎസ് എത്തിയപ്പോള്‍ സ്വാഭാവികമായും വലിയ ജനാവലി അവിടെയുണ്ടായി എന്നും അദ്ദേഹം ഓര്‍ത്തെടുത്തു. തുടര്‍ന്ന് അവിടേക്ക് വരാന്‍ ഞങ്ങളോട് വിളിച്ചുപറയുകയും ഞങ്ങള്‍ അങ്ങോട്ടേക്ക് ചെല്ലുകയും ചെയ്‌തു. സ്ഥലത്ത് പൊലീസ് കമ്മിഷണര്‍ എത്തി. കട വൈകുന്നേരത്തിനുള്ളില്‍ പൊളിച്ച് നീക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടുവെന്നും നടപടികള്‍ സ്വീകരിച്ചുവെന്നുറപ്പായ ശേഷമാണ് അദ്ദേഹം ഞങ്ങളോടൊപ്പം മടങ്ങിയതെന്നും പിരപ്പന്‍കോട് മുരളി മനസുതുറന്നു.
സമരമുഖത്തെ കൊടുങ്കാറ്റ്:ഒരു മഴക്കാലത്തുണ്ടായ എസ്എഫ്ഐയുടെ ഒരു നിരാഹാര സമരത്തിലെ വിഎസിന്‍റെ ഇടപെടലും അദ്ദേഹം ഓര്‍ത്തെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടാന്‍ സാധനങ്ങള്‍ ഇറക്കിയപ്പോള്‍ സായുധ പൊലീസ് അവിടെയെത്തി, പന്തല്‍ കെട്ടാന്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം കൊണ്ടുപോയി. പന്തല്‍ കെട്ടാന്‍ വന്നവരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് കന്‍റോണ്‍മെന്‍റ് ഹൗസില്‍ നിന്നും അവിടെയെത്തി.
പാര്‍ട്ടി ഓഫിസിലുണ്ടായിരുന്ന ഞങ്ങള്‍ സംഭവമറിഞ്ഞ് അവിടേക്ക് എത്തുമ്പോള്‍ ഒരു തോര്‍ത്ത് തലയ്ക്ക് മേലെ പിടിച്ച് താഴെ ഒരു ടവല്‍ വിരിച്ച് വിഎസ് തറയിലിരിക്കുകയായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്ഥലം ജനസമുദ്രമായി. കലക്‌ടറും പൊലീസ് കമ്മിഷണറും എത്തി. അറസ്‌റ്റ് ചെയ്‌തവരെ മോചിപിച്ചുവെന്ന് അറിയിച്ചു. കുട്ടികളെ തൊട്ടുപോവരുതെന്നും തൊട്ടാല്‍ മരണം വരെ താന്‍ ഇവിടെ നിരാഹാരം കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. അതായിരുന്നു വിഎസിന്‍റെ രീതിയെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു.
ആരായിരുന്നു വിഎസ്:പാര്‍ട്ടി ഓഫിസില്‍ പോയി ആലോചിച്ച് പ്രശ്‌നം അവതരിപ്പിച്ച് അനുവാദം വാങ്ങി വിഎസ് ഒരിക്കലും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നില്ല. ചട്ടപ്പടി സമരം വിഎസിന്‍റെ രീതിയല്ല. എകെജിയും അങ്ങനെയായിരുന്നു. എന്‍റെ നാടക പ്രവര്‍ത്തനത്തിലും അദ്ദേഹത്തിന്‍റെ സംഭാവനകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
57 ലെ കമ്മ്യൂണിസ്‌റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ കുറിച്ച് ഞാനെഴുതിയ നാടകത്തില്‍ ആസ്വഭാവികമായ കാര്യങ്ങള്‍ മാറ്റിയെഴുതാന്‍ അദ്ദേഹം സഹായിച്ചു. ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ മൂന്നാര്‍ ദൗത്യം 2016 ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാര്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങിവച്ച ദൗത്യത്തിന്‍റെ തുടര്‍ച്ചയാണെന്നും പിരപ്പന്‍കോട് മുരളി ഇടിവി ഭാരതിനോട് പറഞ്ഞു.