തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും ക്ലിഫ് ഹൗസില്‍ വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. രാവിലെ 11 മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. മന്ത്രി സഭയില്‍ നിന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനും പാര്‍ട്ടി പ്രതിനിധിയായി സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍നായരും മാത്രമാണ് വിവാഹ ചടങ്ങിന് എത്തിയത്. മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് നിന്നുള്ള ഏതാനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ അര ഡസനിലേറെ മന്ത്രിമാര്‍ താമസിക്കുന്നുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചതിനാല്‍ മറ്റ് മന്ത്രിമാരെയോ ഉന്നത പാര്‍ട്ടി നേതാക്കളെയോ വിവാഹ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. ക്ലിഫ് ഹൗസില്‍ പിന്നീട് നടക്കുന്ന സല്‍ക്കാര ചടങ്ങില്‍ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. റിയാസിന്‍റെയും വീണയുടെയും പുനര്‍ വിവാഹമാണിത്. കേരളപ്പിറവിക്ക് ശേഷം മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ക്ലിഫ് ഹൗസ് വേദിയാകുന്നത് ആദ്യമായാണ്. വിവാഹ ചടങ്ങിൽ മാധ്യമങ്ങൾക്കും പ്രവേശനം ഇല്ലായിരുന്നു.