തിരുവനന്തപുരം:സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ സൗജന്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള വാക്‌സിൻ സൗജന്യമായാണ് കേന്ദ്രം നൽകിയത്.
തുടർന്നുള്ള വാക്‌സിന്‍റെ ചെലവ് സംസ്ഥാനങ്ങൾ വഹിക്കുന്നത് നിലവിൽ സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതൽ വിഷമതകളിലേക്ക് തള്ളിവിടും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കയ്യിൽ പണമുള്ളവർ മാത്രം വാക്‌സിൻ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്യും. അതേസമയം കേന്ദ്ര സർക്കാരിന്‍റെ തീരുമാനം കാത്തിരുന്നാൽ സമയബന്ധിതമായി വാക്‌സിൻ ലഭ്യമാക്കാനാവില്ല. അതുകൊണ്ടാണ് പണം കൊടുത്ത് വാക്‌സിൻ വാങ്ങാൻ സംസ്ഥാനം തീരുമാനിച്ചത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാൽ വാക്‌സിനു വേണ്ടിയുള്ള മത്സരം ഉടലെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.